ആലപ്പുഴ:കിടങ്ങാംപറമ്പിലെ എയ്റോബിക് കമ്പോസ്റ്റ് പ്ളാന്റ് കാന നിർമ്മാണത്തിന്റെ പേരിൽ പൊളിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയരുന്നു. കിടങ്ങാംപറമ്പ്, ജില്ലക്കോടതി, തത്തംപള്ളി വാർഡുകളിലെ ജൈവമാലിന്യം സംസ്കരിക്കാനാണ് പ്ളാന്റ് സ്ഥാപിച്ചത്. കാനയുടെ പേരിൽ പ്ളാന്റ് പൊളിച്ചാൽ പ്രദേശം മാലിന്യത്തൊട്ടിയാവുമെന്ന് നാട്ടുകാർ പറയുന്നു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാന നിർമ്മിക്കുന്നത്. പ്രദേശത്തെ ചില വ്യക്തികളുടെ താല്പര്യം സംരക്ഷിക്കാനാണ് പ്ളാന്റ് പൊളിച്ചു നീക്കാനുള്ള തീരുമാനമെന്നും ആക്ഷേപമുണ്ട്. പകരം സ്ഥലം കണ്ടെത്താതെ പ്ളാന്റ് പൊളിക്കരുതെന്ന ആവശ്യവുമായി പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജി നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന് നൽകി. ബദൽ സംവിധാനം ഏർപ്പെടുത്താമെന്ന് നിവേദക സംഘത്തിന് ഉറപ്പ് നൽകിയെങ്കിലും പ്ളാന്റ് പൊളിക്കാനുള്ള തീരുമാനവുമായി അധികൃതർ മുന്നോട്ട് പോകുകയാണ്. കിടങ്ങാംപറമ്പ്, ജില്ലക്കോടതി, തത്തംപള്ളി വാർഡുകളിലെ അടുക്കള ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ ഇടമില്ലാതെ വരുന്നത് പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കും.
......................................
'എയ്റോബിക് കമ്പോസ്റ്റ് പ്ളാന്റ് പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പൊതുജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ സംരക്ഷിച്ചുള്ള വികസനമാണ് നാടിന് ആവശ്യം. താത്പര്യങ്ങൾക്ക് വഴങ്ങിയാവരുത്'
(എം.ജി.മനോഹരൻ, ചെയർമാൻ, എയ്റോബിക് കമ്പോസ്റ്റ് പ്ളാന്റ് സംരക്ഷണ സമിതി)
...................................
'കാന നിർമ്മിക്കാനായി നിലവിലുള്ള പ്ളാന്റ് പൊളിച്ചു നീക്കും. കാനയുടെ നിർമ്മാണം പൂർത്തീകരിച്ച ശേഷം ഇതേസ്ഥാനത്ത് പ്ളാന്റ് പുനർനിർമ്മിക്കും'
(തോമസ് ജോസഫ്, നഗരസഭ മുൻ ചെയർമാൻ)