കായംകുളം: ദുബായിൽ നിന്നെത്തിയ, ഗർഭിണി ഉൾപ്പെട്ട കുടുംബം കൊറോണ സംശയ നിവാരണത്തിനായി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ അധികൃതർ അവഗണിച്ചെന്ന് പരാതി. ഡ്യൂട്ടി ഡോക്ടർ ഗൗനിക്കാതിരുന്നതിനാൽ രണ്ടു മണിക്കൂറിനു ശേഷം കാറിൽ മടങ്ങാൻ ശ്രമിക്കവേ, മറ്റൊരു ഡോക്ടറാണ് സഹായത്തിനെത്തിയതെന്ന് കുടുംബം ആരോപിക്കുന്നു.

ഞായറാഴ്ച വൈകിട്ട് ദുബായിൽ നിന്ന് എത്തിയ ഇവർ പനിയെ തുടർന്നാണ് ഇന്നലെ രാവിലെ 7.20ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയത്. ആറുമാസം ഗർഭിണിയായ യുവതിയും സഹോദരിയും മകനും 9.30 വരെ കാത്തുനിന്നെങ്കിലും ഡ്യൂട്ടി ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ല. മടങ്ങിപ്പോകാൻ കാറിൽ കയറവേ മറ്റൊരു ഡോക്ടർ തിരികെ വിളിച്ച് ചികിത്സ ഏർപ്പാടാക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഇവർ രേഖാമൂലം ആശുപത്രി സൂപ്രണ്ടിന് പരാതിയും നൽകിയിട്ടുണ്ട്.

എന്നാൽ ഇവർ കാത്തിരിക്കുന്ന വിവരം ഡ്യൂട്ടി ഡോക്ടർ അറിഞ്ഞില്ലെന്നും ആശയ വിനിമയത്തിലെ പാളിച്ചയാണ് പരാതിക്ക് ഇടയാക്കിയതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. മനോജ് പ്രതികരിച്ചു. തുടർന്ന് ഇവരെയും കുവൈറ്റിൽ നിന്നെത്തിയ മദ്ധ്യ വയസ്കനും ഉൾപ്പെടെ നാലുപേരെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി.