ആലപ്പുഴ: രണ്ടാം കുട്ടനാട് പാക്കേജ് ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 24ന് നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ച് അന്തിമ തീരുമാനം എടുക്കും.

വകുപ്പുകളുടെ ഏകോപനത്തിനായി ഇന്നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം നടക്കും. മന്ത്രിമാരും വകുപ്പ് മേധാവികളും പങ്കെടുക്കും. പാക്കേജിന്റെ നടത്തിപ്പിനായി കുട്ടനാട്ടിൽ പ്രത്യേക ഓഫീസ് തുറന്ന് നോഡൽ ഓഫീസറെയും ജീവനക്കാരെയും നിയമിക്കും. 2000 കോടിയിലേറെ മുടക്കി നടപ്പാക്കുന്ന പദ്ധതിയിൽ കൃഷി, മത്സ്യ കൃഷി, തോടുകളുടെ നവീകരണം, കനാൽ ശുചീകരണം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗത സംവിധാനങ്ങൾ ഒരുക്കൽ തുടങ്ങിയവയാണ് മുഖ്യമായും നടപ്പാക്കുക.

ആലപ്പുഴയിൽ നിലവിൽ കിഫ്ബി വഴി 3187 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. എല്ലാ പദ്ധതികൾക്കും അംഗീകാരം ലഭിക്കുമ്പോൾ 4500 കോടിയായി ഉയരും. ആലപ്പുഴ നഗരത്തിന്റെ നവീകരണം, കുട്ടനാടിന്റെ വികസനം എന്നിവയാണ് പദ്ധതികളിൽ പ്രധാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികളിൽ സ്തംഭനാവസ്ഥയുണ്ടെന്ന ആരോപണം ശരിയല്ല. ചെയ്തുതീർത്ത പ്രവൃത്തികൾക്കുള്ള മുഴുവൻ പണവും ഏപ്രിലിൽ നൽകുമെന്നും തോമസ്ഐസക് പറഞ്ഞു.

 സ്റ്റേഡിയം നവീകരണം മുടങ്ങും!


ആലപ്പുഴ നഗരസഭ നിഷേധാത്മക സമീപനം തുടർന്നാൽ ഇ.എം.എസ് സ്റ്റേഡിയത്തിന് കിഫ്ബി വഴി അനുവദിച്ച പണം നഷ്ടമാകുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ മൈതാനം തുടങ്ങിയവ ഉൾപ്പെടുത്തി അത്യാധുനിക സ്റ്റേഡിയം നിർമ്മിക്കാനാണ് കിഫ്ബി പണം അനുവദിച്ചത്. എന്നാൽ നഗരസഭ ധാരണാ പത്രത്തിൽ ഒപ്പിടാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാകുന്നില്ല. ഇനിയും വൈകിയാൽ അനുവദിച്ച പണം നഷ്ടപ്പെടുമെന്നും മന്ത്രി പറഞ്ഞു.