ആലപ്പുഴ: കൊയ്ത്തുപാട്ടിന്റെ താളത്തിനൊപ്പം കുട്ടിക്കർഷകർ കൊയ്തെടുത്തത് നൂറുമേനി വിളവ്. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പുഞ്ച കൃഷി വിളവെടുപ്പിൽ കുട്ടികൾക്കൊപ്പം ജന പ്രതിനിധികൾ കൂടി ചേർന്നപ്പോൾ കൊയ്ത്തുത്സവം ആവേശമായി.

അമ്പനാകുളങ്ങര തെക്കേക്കരി പാടശേഖരത്തിലെ കൊയ്ത്തുത്സവവും സ്‌കൂൾ വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് നടപ്പാക്കിയ 'വയൽ പച്ച' പദ്ധതിയുടെ സമാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിച്ചു. 14 ഹെക്ടറിലാണ് മണ്ണഞ്ചേരി പഞ്ചായത്ത് പുഞ്ചക്കൃഷി ഇറക്കിയത്. കൃഷിയുടെ ആദ്യ ദിനം മുതൽ വയൽ പച്ച പദ്ധതിയിലെ 22 കുട്ടി കർഷകരുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഞാറ് നടീലിനും കുട്ടികൾക്കുള്ള കൃഷി പരിപാലന ക്ലാസിനുമായി മുതിർന്ന കർഷകരും സ്ത്രീ തൊഴിലാളികളും പദ്ധതിയുടെ ഭാഗമായി. കൃഷി ഉദ്യോഗസ്ഥ രജിയുടെ നേതൃത്വത്തിലായിരുന്നു കുട്ടി കർഷകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പുഞ്ചക്കൃഷി.

കഴിഞ്ഞ നവംബറിലാണ് തെക്കേക്കരിയിൽ കൃഷിയിറക്കിയത്. കുട്ടികളുടെ കൊയ്ത്തുത്സവത്തിനു സാക്ഷ്യം വഹിക്കാൻ പ്രദേശവാസികളും എത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ രണ്ടു തവണയും കൃഷി നശിച്ചു പോയിടത്തു നിന്നാണ് ഇത്തവണ നൂറുമേനി കൊയ്യാനായതെന്നു കർഷകർ പറഞ്ഞു. കനത്ത വെയിലും, വെള്ളം കിട്ടാതെ വരികയും ചെയ്താൽ കൃഷി നശിപ്പിച്ചു പോകുമെന്ന ആശങ്കയിൽ കൃഷിയുടെ തുടക്കത്തിൽ ഉണ്ടായിരുന്നവർ പലരും പാതിവഴിയിൽ പിന്മാറിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും പിന്തുണയാണ് കൃഷിയുമായി മുന്നോട്ടു പോകാൻ കർഷകർക്ക് കൈത്താങ്ങായത്. വയൽ പച്ച പദ്ധതിയിൽ പങ്കാളികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മഞ്ജു രതികുമാർ, പാടശേഖര സമിതി പ്രസിഡന്റ് സുഗുണൻ, ജില്ലാ പഞ്ചായത്ത് അംഗം ജുമൈലത്ത്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ലതാമേരി ജോർജ്, കൃഷി ഓഫീസർ രജി, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.