ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ രണ്ടുപേർ കൊറോണ നിരീക്ഷണത്തിലെന്ന് വ്യാജ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.എം. അനസ് അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം വിവാദമായതോടെ ഇയാൾ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.
വ്യാജ പ്രചാരണത്തിൽ ഭയന്ന് നിരവധി ആളുകളാണ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കൊറോണ നിരീക്ഷണത്തിനുള്ള സംവിധാനങ്ങൾ നിലവിൽ ഇല്ല. വ്യാജ സന്ദേശം പ്രചരിപ്പിച്ച ആൾക്കെതിരെ ഡി.എം.ഒയ്ക്കും സൈബർ സെല്ലിനും പരാതി നൽകുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.