ആലപ്പുഴ : കോഴിക്കോട് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കോഴി ഇറച്ചിക്ക് വില കുത്തനെ ഇടിഞ്ഞു. തമിഴ്നാട്ടിൽ നിന്നാണ് ജില്ലയിലേക്ക് ഇറച്ചിക്കോഴി കൂടുതലായി എത്തുന്നത്. തമിഴ്നാട്ടിൽ പക്ഷിപ്പനിയില്ലെങ്കിലും ഭീതി നിമിത്തം കോഴി ഇറച്ചി തീൻമേശയിൽ നിന്ന് ഒഴിവാക്കുകയാണ് കൂടുതൽ പേരും.
ഹോട്ടലുകളിലും ചിക്കൻ വിഭവങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു. 2016 നു ശേഷം ആദ്യമായിട്ടാണ് സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ സംസ്ഥാനത്ത് മനുഷ്യരിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.കോഴിക്കോട് രണ്ടു ഫാമുകളിലെ കോഴികളിൽ മാത്രമാണ് രോഗം കണ്ടു പിടിക്കപ്പെട്ടത്.
പക്ഷിപ്പനിയ്ക്ക് മുമ്പ് ഫാമുകളിൽ നിന്ന് കോഴികളെ എത്തിച്ച കച്ചവടക്കാർക്കാണ് കീശ ചോരുന്നത് .കോഴികളെ വാങ്ങിയ വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ടി വരുന്നു.
ഏവിയൻ ഇൻഫ്‌ളുവൻസ വൈറസ് മൂലം ഉള്ള ഒരു രോഗബാധയാണ് പക്ഷിപ്പനി. ഈ വൈറസിന് പല സബ് ടൈപ്പുകൾ ഉണ്ട്. ജില്ലയിൽ കഴിഞ്ഞ മാസം മാന്നാറിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് വൈറസ് ബാധ മൂലമായിരുന്നു. പൗൾട്രി മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ, ഫാം തൊഴിലാളികൾ എന്നിവർ കരുതലോടെ പ്രവർത്തിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
കർഷകർ ശ്രദ്ധിക്കാൻ
പക്ഷികൾക്കിടയിൽ രോഗം വളരെ വേഗം പടർന്നു പിടിക്കുകയും അവ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്യുന്നതാവും രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.പക്ഷികളുമായി അടുത്തിടപഴകുന്നവർ പക്ഷി വളർത്തൽ കേന്ദ്രങ്ങളിലെ ജീവനക്കാർ, ഇറച്ചിക്കടയിലെ ജീവനക്കാർ തുടങ്ങിയവർക്ക് അസുഖം പകരാനാണ് സാദ്ധ്യത. രോഗം ബാധിച്ച പക്ഷികളുടെ ഉമിനീർ, സ്രവങ്ങൾ, കാഷ്ടം എന്നിവയിൽ വൈറസുകളുടെ സാന്നിദ്ധ്യം ഉണ്ടാകും. ഇവയുമായി ഇടപെടുമ്പോൾ വായുവിലൂടെയോ വൃത്തിയാക്കാത്ത കൈകൾ മുഖേനയോ ഒരു വ്യക്തിയുടെ കണ്ണുകൾ, മൂക്ക്, വായ് എന്നിവിടങ്ങളിൽ രോഗാണുക്കൾ എത്തപ്പെടമ്പോൾ ആണ് സാധാരണഗതിയിൽ രോഗാണു സംക്രമണം നടക്കുന്നത്.
രോഗ ലക്ഷണങ്ങൾ
സാധാരണ വൈറൽ പനികളുടെ പൊതു ലക്ഷണങ്ങൾ തന്നെയാണ് പക്ഷിപ്പനിയ്ക്കുമുള്ളത്.
പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് ശരീരവേദന, ക്ഷീണം, തലവേദന, കണ്ണ് ചുവപ്പ്, ശ്വാസം മുട്ടൽ, വയറിളക്കം, ഓക്കാനം, ഛർദ്ദി.
മറ്റു രോഗബാധകൾ ഉള്ളവർ, രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾ, ഗർഭിണികൾ, പ്രായമേറെ ഉളളവർ എന്നിവർക്ക് രോഗം പടരാൻ സാദ്ധ്യത കൂടുതലാണ്.
ശ്വാസകോശ അണുബാധ കൂടിയാൽ കഠിനമായ ന്യുമോണിയ ഉണ്ടാവാം. രക്തത്തിലെ അണുബാധ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം, ശ്വാസകോശത്തകരാർ, എന്നീ അവസ്ഥകൾ ശ്വസന വ്യവസ്ഥയുടെയും രക്ത ചംക്രമണ വ്യവസ്ഥയുടെയും തകരാറുകൾക്കും മരണത്തിനും വരെ കാരണമാവാം.
പ്രതിരോധം
പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാൽ കൈകൾ വൃത്തിയായി അര മിനിട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
ഇറച്ചി വെട്ടി കഴുകുമ്പോൾ വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിക്കുക
മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.
മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക.
വളർത്തു പക്ഷികൾക്കും മറ്റും എന്തെങ്കിലും പ്രശ്‌നങ്ങൾ കണ്ടാൽ മൃഗഡോക്ടറെ കാണിക്കുക.
അഭ്യൂഹങ്ങൾ വിശ്വസിക്കാതിരിക്കുക
.......
ഇന്നലത്തെ ചിക്കൻ വില (ഒരു കിലോഗ്രാമിന്)
ലൈവ്: 75
മീറ്റ്: 125
(സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പ്)
ലൈവ്: 120-130
മീറ്റ്: 190-200
......
'' ജില്ലയിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴി,താറാവ്,കാട തുടങ്ങിയവയുടെ ഇറച്ചിയും മുട്ടയും നന്നായി പാകം ചെയ്ത് കഴിച്ചാൽ പ്രശ്നമില്ല. രോഗകാരിയായ വൈറസ് 60 ഡിഗ്രി ചൂടിൽ അരമണിക്കൂറിനുള്ളിൽ നശിച്ചുപോകുന്നതാണ്.
(പൗൾട്രി അസോസിയേഷൻ)