ആലപ്പുഴ : പതിനായിരം കോടി രൂപയുടെ വികസനമാണ് ജില്ലയിൽ വിവിധ തലങ്ങളിലായി നടക്കുന്നതെന്ന് ന്ത്രി ജി സുധാകരൻ പറഞ്ഞു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കോട്ടയം- ആലപ്പുഴ -കുമരകം -പാസഞ്ചർ-കം-ടൂറിസ്റ്റ് സർവ്വീസ് ബോട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടനാടിന്റെ കായൽ സൗന്ദര്യം, വേഗതയേറിയ യാത്ര തുടങ്ങിയവ സംയോജിപ്പിക്കുന്ന ബോട്ട് യാത്ര ഒരേ സമയം യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈവിദ്ധ്യവത്കരണത്തിന്റെ പാതയിലൂടെയാണ് ജലഗതാഗത വകുപ്പ് മുന്നേറികൊണ്ടിരിക്കുന്നതെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. 10 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വാട്ടർ ടാക്സിയും വാട്ടർ ബസ് സർവീസും ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ നടന്നു വരികയാണെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു. എ.എം.ആരിഫ് എംപി മുഖ്യാതിഥിയായി.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, വാർഡ് കൗൺസിലർ റാണി രാമകൃഷ്ണൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് കെ.സുദേവൻ, ജോസഫ് റോബർട്ട് നെജഡ്ലി എന്നിവർ സംസാരിച്ചു .