ആലപ്പുഴ : ജില്ലയുടെ വിനോദ സഞ്ചാര മേഖലകളിൽ പുതിയ സാദ്ധ്യതകൾ തുറന്നുള്ള കോട്ടയം- ആലപ്പുഴ -കുമരകം പാസഞ്ചർ കം ടൂറിസ്റ്റ് ബോട്ട് സർവീസിന് തുടക്കമായി. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാസഞ്ചർ സർവീസിനൊപ്പം വിനോദ സഞ്ചാര സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഈ ബോട്ടിന്റെ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. 120പേർക്ക് ഒരേസമയം ബോട്ടിൽ യാത്ര ചെയ്യാം. 40 യാത്രക്കാർക്ക് എ.സി. ക്യാബിനിലും 80 യാത്രക്കാർക്ക് നോൺ എ.സി. ക്യാബിനിലും ബോട്ട് യാത്ര ആസ്വദിക്കാം.
പാതിരാമണൽ ദ്വീപ്, കുമരകം പക്ഷിസങ്കേതം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനായി ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചിലവിൽ ഈ ബോട്ടിൽ സുരക്ഷിതയാത്ര ഒരുക്കും.
കോട്ടയത്തു നിന്നും രാവിലെ 7.30ന് പുറപ്പെട്ട് 9.30ന് ആലപ്പുഴയിൽ എത്തിച്ചേരുന്ന ബോട്ട് വൈകിട്ട് 5.30നു ആലപ്പുഴയിൽ നിന്നും പുറപ്പെട്ട് രാത്രി 7.30 നു തിരികെ കോട്ടയത്ത് എത്തിച്ചേരുന്ന തരത്തിലാണ് സർവീസ്. ആലപ്പുഴയ്ക്കും കോട്ടയത്തിനും ഇടയിൽ പുഞ്ചിരി, മംഗലശ്ശേരി, കമലന്റെ മൂല, കൃഷ്ണൻകുട്ടി മൂല, പള്ളം എന്നിങ്ങനെ അഞ്ചു സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. ആലപ്പുഴ -കോട്ടയം റൂട്ടിൽ ടിക്കറ്റ് നിരക്കായി എ.സി. ക്യാബിനിൽ 100 രൂപയും നോൺ എസി ക്യാബിനിൽ 50 രൂപയുമാണ്.