 സഞ്ചാരികളില്ലാതെ ടൂറിസം മേഖല

ആലപ്പുഴ: കൊറോണ ഭീതിയെത്തുടർന്ന് ജില്ലയിലെ ടൂറിസം മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. ഹൗസ് ബോട്ട്, ശിക്കാര വള്ളങ്ങൾ എന്നിവയിൽ പലതും യാത്ര നടത്തിയിട്ട് ദിവസങ്ങളായി. മിക്ക റിസോർട്ടുകളും ആളൊഴിഞ്ഞ അവസ്ഥയിലാണ്. ഇതുവരെ ലക്ഷങ്ങളുടെ നഷ്ടമാണ് വിനോദ സഞ്ചാര മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. കൃത്യമായ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു.

നോട്ടുനിരോധനം,ഒാഖി, പ്രളയം,നിപ്പ എന്നിവയിൽ തട്ടി തകർന്നു പോയ ടൂറിസം മേഖല കരകയറുന്നതിനിടെയാണ് ജില്ലയിൽ കൊറോണ റിപ്പോർട്ട് ചെയ്തത്. മികച്ച ടൂറിസം സീസണാണ് സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല ഇൗ വർഷത്തിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായെത്തിയ കൊറോണയെ ആരോഗ്യവകുപ്പ് നേരിടുന്ന രീതി ഈ മേഖലയിലുള്ളവരുടെ ആത്മവിശ്വാസം കൂട്ടിയെങ്കിലും പത്തനംതിട്ടയിലെ പുതിയ സംഭവ വികാസങ്ങളും സർക്കാരിന്റെ നിയന്ത്രണങ്ങളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ജനുവരിയിൽ ടൂറിസ്റ്റുകൾ എത്തിയെങ്കിലും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇൗ മേഖല ഒറ്റപ്പെടുകയാണ്. സംസ്ഥാന ദുരന്തമായി വൈറസ് ബാധയെ സർക്കാർ പ്രഖ്യാപിച്ചത് മറ്റൊരു ദുരന്തമായി. ഇതോടെ വിനോദ സഞ്ചാരികൾ യാത്ര റദ്ദാക്കി. വിദേശത്തു നിന്നെത്തുന്നവരുടെ വിവരങ്ങൾ ടൂറിസം പൊലീസും ശേഖരിക്കുന്നുണ്ട്. ഏത് രാജ്യത്തു നിന്നാണ് എത്തിയത്, ഏത് വിമാനത്തിലാണ് യാത്രചെയ്തത് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് എത്തിയ ടൂറിസ്റ്റുകൾ നിരീക്ഷണത്തിലായിരുന്നു. വിദേശ ടൂറിസ്റ്റുകളെ രോഗവാഹകർ എന്ന നിലയിൽ കാണുന്നതും തിരിച്ചടിയാവുന്നുണ്ട്.

................................

 വെറുതെയൊരു സീസൺ

ജൂൺ വരെയാണ് ടൂറിസം സീസൺ. ഇത്തവണ കൊറോണ കരടായെന്നാണ് ഹൗസ് ബോട്ട് മേഖലയിലുള്ളവർ പറയുന്നത്. ടൂറിസത്തിന്റെ ചാകര സീസണിൽ വെറുതെയിരിക്കേണ്ട ഗതികേടിലാണ് സംരംഭകർ.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിരലിലെണ്ണാവുന്ന സഞ്ചാരികൾ മാത്രമേ എത്തിയിട്ടുള്ളൂ. കൊറോണ പടരുന്നതു തടയാനായി വിനോദയാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം സഞ്ചാരികൾ പാലിച്ചതാകാം കുറവിന് കാരണമെന്നാണ് അനുമാനം. പുന്നമടയിലെ ഹൗസ്ബോട്ടുകളിൽ ഭൂരിഭാഗവും സവാരിക്ക് ആളില്ലാതെ കടക്കുകയാണ്.

......................................

 പത്തനംതിട്ട ഭീതി

പത്തനംതിട്ടയിൽ നിന്ന് കഴിഞ്ഞ ദിവസം 'പൊട്ടിപ്പുറപ്പെട്ട' കൊറോണ ഭീതിയാണ് ടൂറിസം മേഖലയുടെ നട്ടെല്ലൊടിച്ചുകൊണ്ടിരിക്കുന്നത്. ഒന്നു മുതൽ ഏഴുവരെ ക്ളാസുകാർക്ക് സർക്കാർ അവധി പ്രഖ്യാപിച്ചതും പൊതു പരിപാടികളൊക്കെ റദ്ദാക്കിയതും ഉത്സവാഘോഷങ്ങൾ ഉൾപ്പെടെ നിയന്ത്രിക്കാൻ സർക്കാർ നിർദ്ദേശം നൽകിയതുമൊക്കെ ഗൗരവത്തിൽ എടുത്തിരിക്കുകയാണ് ടൂറിസം മേഖല. ടൂറിസം രംഗം സുരക്ഷിതമാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും മുൻകരുതൽ എടുക്കണമെന്നും വിനോദയാത്രകൾ പരമാവധി കുറയ്ക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. സഞ്ചാരികൾ കുറഞ്ഞതിനാൽ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും തിരക്കില്ല. ഭക്ഷണശാലകളിലും വാണിജ്യ കേന്ദ്രങ്ങളിലും വരുമാനം കുറഞ്ഞു.

..............................

# നിയന്ത്രണം പലവിധം

 വിദേശ മലയാളികൾക്ക് തിരിച്ചുപോകുന്നതിൽ നിയന്ത്രണം

 കൊറോണ ബാധിത മേഖലകളിലേക്കുള്ള യാത്രയ്ക്ക് വിലക്ക്

 മറ്റിടങ്ങളിലേക്ക് പോകാൻ മെഡിക്കൽ പരിശോധന

 രോഗലക്ഷണങ്ങൾ കണ്ടാൽ യാത്ര തടയും

..............................

'ടൂറിസം മേഖലയെ കൊറോണ ബാധിച്ചിട്ടുണ്ട്. പൊതുവേ മാർച്ച് മാസത്തിൽ ആലപ്പുഴയിൽ സഞ്ചാരികൾ കുറവാണ്. എന്നാൽ വിദേശ ടൂറിസ്റ്റുകൾ എത്തിയിരുന്നു. ഇത്തവണ കുറഞ്ഞു. ജില്ലയിലേക്ക് എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ നിരീക്ഷണവും റിപ്പോർട്ടും ഡി.ടി.പി.സി ശേഖരിക്കുന്നുണ്ട്'

(എം.മാലിൻ, ഡി.ടി.പി.സി സെക്രട്ടറി)