ambala

 ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പിൽ 45-ാമത്തെ പൊട്ടൽ

അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി ലെവൽ ക്രോസിന് കിഴക്കുഭാഗത്ത് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. പദ്ധതി നിലവിൽ വന്നശേഷം 45-ാമത്തെ പൊട്ടലാണ് ഈ വിതരണ ശൃംഖലയിൽ ഉണ്ടായിരിക്കുന്നത്.

കടപ്രയിൽ നിന്നു കരുമാടിയിലെ ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ പൊട്ടിയത്. വെള്ളം സമീപത്തെ വീടുകളിലേക്കും റോഡിലേക്കും ഇരച്ചുകയറി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ പമ്പിംഗ് നിറുത്തിവെച്ചു. ഇവിടെ അറ്റകുറ്റപ്പണികൾക്കായി എടുത്തിരുന്ന കുഴി മൂടി ടാർ ചെയ്ത് സംസ്ഥാന പാതയുടെ ഉദ്ഘാടനവും നടത്തിയിട്ട് ദിവസങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

അറ്റകുറ്റപ്പണികൾക്കായി റോഡ് വെട്ടിപ്പൊളിക്കാൻ പൊതുമരാമത്തുവകുപ്പിന്റെ അനുവാദം വേണം. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് എടുക്കുന്ന തുക വാട്ടർ അതോറിട്ടി കെട്ടിവച്ചാൽ മാത്രമേ അനുമതി നൽകൂ. ഇതിന് ദിവസങ്ങളെടുക്കും. വരൾച്ചയ്ക്കിടെയുണ്ടായ പുതിയ പ്രതിസന്ധി നാടിനെ വലയ്ക്കുമെന്നതിൽ തർക്കമില്ല.

 റോഡ് കുളംതോണ്ടും

കോടികൾ മുടക്കി നവീകരിച്ച സംസ്ഥാന പാത അടിക്കടി വെട്ടിപ്പൊളിക്കേണ്ടി വരുന്നത് പൊതുമരാമത്തുവകുപ്പിനും തലവേദനയായി മാറിക്കഴിഞ്ഞു. കരുമാടിയിലെ പ്ലാന്റു മുതൽ കടപ്ര വരെയുള്ള ഭാഗത്തെ പൈപ്പുകൾ മാറ്റി സ്ഥാപിച്ചാലേ ഇതിന് പരിഹാരമാകൂ. ടാങ്കറിൽ ശുദ്ധജലം എത്തിക്കുകയോ, നിറുത്തലാക്കിയ പമ്പിംഗ് കേന്ദ്രങ്ങൾ പുന:സ്ഥാപിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.