ചേർത്തല: ദേശീയപാതാ നിലവാരത്തിൽ പുനർനിർമിക്കുന്ന അന്ധകാരനഴി -ചെല്ലാനം തീരദേശ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. എഴുപുന്ന മുതൽ ഗൊണ്ടുപറമ്പ് വരെയും ചെല്ലാനം മുതൽ പത്മാക്ഷി കവല വരെയുമുള്ള റോഡിന്റെ 90ശതമാനം നിർമ്മാണം ഇതിനകം പൂർത്തിയായി. സി.ആർ.എഫിൽ നിന്നുള്ള 12കോടി രൂപ വിനിയോഗിച്ചാണ് പന്ത്രണ്ടേകാൽ കിലോമീറ്റർ നീളത്തിൽ റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. എ.എം ആരിഫ് എം.പി അരൂർ എം.എൽ.എ ആയിരുന്ന സമയത്താണ് ശോചനീയാവസ്ഥയിൽ കിടന്നിരുന്ന തീരദേശ റോഡ് ഉയർന്ന ഗുണനിലവാരത്തിൽ പുതുക്കി പണിയാനുള്ള നടപടികൾക്ക് തുടക്കമായത്. തീരദേശനിവാസികൾക്ക് ദേശിയപാതയിലേക്ക് എത്താനുള്ള എളുപ്പ വഴിയായ ഈ റോഡ് തകർന്നതോടെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഏപ്രിലോടെ റോഡിന്റെ ഉദ്ഘാടനം നടത്താനാകുമെന്ന് തുറവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിൻ ഏണസ്റ്റ് പറഞ്ഞു.