അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 20 ബെഡുകളുള്ള ഐസൊലേഷൻ വാർഡാണ് സജ്ജീകരിച്ചിട്ടുള്ളത്. 4 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളായാണ് ഡോക്ടർമാരും നഴ്സുമാരും ഇവിടെ പ്രവർത്തിക്കുക. നിലവിൽ 5 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.ജെ.ബ്ലോക്കിലെ മൂന്നാം നിലയിലുള്ള പന്ത്രണ്ടാം വാർഡാണ് ഐസൊലേഷൻ വാർഡായി സജ്ജീകരിച്ചത്. കൊറോണ സംശയവുമായി വരുന്ന രോഗികളെ സ്ക്രീൻ ചെയ്യാൻ പഴയ വിശ്രമകേന്ദ്രത്തോട് ചേർന്ന് ഒ.പി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും സ്ക്രീനിംഗ് നടത്തി അഡ്മിറ്റ് ചെയ്യേണ്ടവരെ ഐസൊലേഷൻ വാർഡിലേയ്ക്കും വീടുകളിൽ വിശ്രമം വേണ്ട വരെ വീടുകളിലേയ്ക്കും മാറ്റും. ആശുപത്രിയിലെ ജീവനക്കാർക്കും, കിടപ്പു രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ത്രീ ലെയർ മാസ്കും നൽകുന്നുണ്ട്. രോഗികളുമായി നേരിട്ടു സമ്പർക്കം പുലർത്തേണ്ടി വരുന്ന ഐസൊലേഷൻ വാർഡിലെ ജീവനക്കാർക്ക് എൻ.95 മാസ്കാണ് നൽകുന്നത്.ഏതു പ്രതിസന്ധിയേയും നേരിടാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സുസജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ആർ.വി.രാംലാൽ പറഞ്ഞു. പൊതുജനങ്ങൾ ആശുപത്രി സന്ദർശനം പരമാവധി കുറച്ച് ആശുപത്രി ജീവനക്കാരോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.