ആലപ്പുഴ: ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രിയിൽ കൊറോണ വാർഡ് തുറക്കാനുള്ള നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.മോഹൻദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെഞ്ച്വറി ആശുപത്രി മാനേജ്‌മെന്റ് കഴിഞ്ഞ എഴ് മാസമായി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല. രാവിലെ ഹാജർ ബുക്കിൽ ഒപ്പിട്ടശേഷം വൈകുവോളം നിരാഹാരമിരുന്നിട്ടാണ് ജീവനക്കാർ വീട്ടിൽപോകുന്നത്. ആശുപത്രി കൃത്യമായി തുറക്കാറുമില്ല. ജീവനക്കാർ ജോലി ഉപേക്ഷിച്ച് പോയാൽ ഇവർക്ക് അർഹമായ ആനുകൂല്യങ്ങൾ കൊടുക്കേണ്ട എന്ന രഹസ്യ അജണ്ടയാണ് മാനേജ്‌മെന്റിനുമുള്ളത്. ജീവനക്കാരെ വഞ്ചിക്കുന്ന ഇത്തരം നിലപാടുകൾക്ക് ചില യൂണിയനുകളുടെ നേതൃത്വം കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലും ചെങ്ങന്നൂരിലുമെല്ലാം കൊറോണ വാർഡ് തുറക്കുവാൻ പറ്റുന്ന ഒട്ടേറെ ആശുപത്രികളുണ്ട്. സെഞ്ച്വറി ആശുപത്രി ജീവനക്കാരുടെശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഉടൻ നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മോഹൻദാസ് പറഞ്ഞു.വാർത്താസമ്മേളനത്തിൽ സമരസഹായസമിതി ചെയർമാൻ കെ.ഷിബുരാജൻ, സെക്രട്ടറി ജോർജ്ജുകുട്ടി എന്നിവർ പങ്കെടുത്തു.