car-accident

കാറിലുണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതര പരിക്ക്

പൂച്ചാക്കൽ: ആദ്യ ദിവസത്തെ പ്ളസ് ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന നാലു വിദ്യാർത്ഥിനികൾ അടക്കം ആറു പേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു. യുവാവും നാലു വയസുള്ള മകനുമാണ് പരിക്കേറ്റ മറ്റു രണ്ടുപേർ. മദ്യ ലഹരിയിൽ കാറോടിച്ചിരുന്ന അസാംകാരനും മലയാളിയായ സുഹൃത്തിനും വാഹനം മരത്തിലിടിച്ച് അതിഗുരുതരമായി പരിക്കേറ്റു.

പൂച്ചാക്കൽ ശ്രകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ തളിയാപറമ്പ് ഉരുവങ്കുളത്ത് ചന്ദ്രന്റെ മകൾ അനഘ (17), പാണാവള്ളി അയ്യങ്കേരി സാബുവിന്റെ മകൾ സാഗി സാബു (17), നാൽപ്പത്തെണ്ണീശ്വരം കോണത്തേഴത്ത് ചന്ദ്രബാബുവിന്റെ മകൾ ചന്ദന (17), ഉളവയ്പ്പ് മുരിക്കുംതറ അനിരുദ്ധന്റെ മകൾ അർച്ചന (17) എന്നിവർക്കാണ് പരിക്കേറ്റത്. മാനാശേരി വീട്ടിൽ അനീഷും (36) മകൻ വേദവുമാണ് (4) പരിക്കേറ്റ മറ്റു രണ്ടുപേർ.

അതിഗുരുതരാവസ്ഥയിലായ അസം സ്വദേശി അസ്ലം (33), ഒപ്പമുണ്ടായിരുന്ന പൂച്ചാക്കൽ ഇടവഴിക്കൽ മനോജ് (48) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു. അർച്ചനയും ചന്ദനയും കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാലു വയസുകാരൻ അടക്കം മറ്റുള്ളവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മനോജ് രണ്ടാഴ്ച മുമ്പ് സെക്കൻ ഹാൻഡായി വാങ്ങിയതാണ് കാർ. ഇതിന്റെ ആഘോഷത്തിന് ഇരുവരും മദ്യപിച്ചശേഷം അസ്ളം ഓടിച്ചുവരുമ്പോൾ പൂച്ചാക്കൽ പള്ളിവെളി കവലയ്ക്ക് കിഴക്കുവശം ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം.

അമിത വേഗത്തിൽ പൂച്ചാക്കൽ ഭാഗത്തേക്ക് വന്ന കാർ, ബൈക്കിൽ ഇരിക്കുകയായിരുന്ന അനീഷിനെയും മകൻ വേദവിനെയുമാണ് ആദ്യം ഇടിച്ചത്. തുടർന്ന് എതിർവശത്തേക്കു വെട്ടിത്തിരിഞ്ഞാണ് അനഘ, സാഗി സാബു, ചന്ദന എന്നിവരെ ഇടിച്ചത്. ചന്ദന തോട്ടിലേക്കും മറ്റു രണ്ടുപേർ പുരയിടത്തിലേക്കും തെറിച്ചുവീണു.

വീണ്ടും പാഞ്ഞ കാർ സൈക്കിളിൽ വരികയായിരുന്ന അർച്ചനയെ ഇടിച്ചശേഷമാണ് മരത്തിലിടിച്ച് നിന്നത്. കാർ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്യസംസ്ഥാന തൊഴിലാളികളെ വിതരണം ചെയ്യുന്ന അസ്ലം വർഷങ്ങളായി കേരളത്തിലുണ്ട്.