ആലപ്പുഴ: കളരിപ്പയറ്റിലൂടെ ലിംക ബുക്ക് ഓഫ് റെക്കാഡ്‌സിൽ ഇടം നേടി 23കാരി. നൂറനാട് പടനിലം നടുവിലേമുറി മിനി ഭവനത്തിൽ രാജന്റെയും മിനിയുടെയും മകൾ എം.രേഷ്മ ആണ് കളരിപ്പയറ്റിലെ കോൽത്താരി വിഭാഗത്തിലെ വടി വീശൽ ഇനത്തിൽ തുടർച്ചയായി മൂന്ന് മണിക്കൂർ 50 മിനിറ്റ് നേരം പ്രകടനം കാഴ്ചവച്ച് റെക്കാഡ് സ്വന്തമാക്കിയത്. ഈ വിഭാഗത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി നേട്ടം സ്വന്തമാക്കുന്നത്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കടത്തനാട് കെ.പി.സി.ജി.എം. കളരി സംഘത്തിന്റെ നൂറനാട് പടനിലം കളരിയിലായിരുന്നു പ്രകടനം. ലോക റെക്കാഡ് സ്വന്തമാക്കിയിട്ടുള്ള ആരോമൽ എം.രാമചന്ദ്രൻ ഗുരുക്കളുടെ കീഴിലായിരുന്നു രേഷ്മയുടെ പരിശീലനം. കടത്തനാട് കെ.പി.സി.ജി.എം. കളരി സംഘത്തിൽ കളരിപ്പയറ്റ് -യോഗ റിസർച്ച് നടത്തുകയാണിപ്പോൾ. വാർത്താസമ്മേളനത്തിൽ എം.രാമചന്ദ്രൻ ഗുരുക്കൾ, എസ്.സജീവ്,ആരോമൽ എം.രാമചന്ദ്രൻ, കെ.അനന്ദു എന്നിവർ പങ്കെടുത്തു.