pakshi-pani

എടത്വ: അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണം പക്ഷിപ്പനിയാണെന്ന ആശങ്കയിൽ പ്രദേശവാസികൾ. തലവടി പഞ്ചായത്ത് 9-ാം വാർഡിൽ തലവടി തെക്ക് കറുകപ്പറമ്പിൽ ബിജുവിന്റെ 927 താറാവുകളാണ് മൂന്ന് ദിവസം കൊണ്ട് ചത്തൊടുങ്ങിയത്. മറ്റ് താറാവുകളും തൂങ്ങി നിൽക്കുകയാണ്.

നിരണം പഞ്ചായത്തിലെ നുപ്പരത്തിൽചിറ പാടത്ത് കിടന്ന താറാവുകളാണ് ചത്തത്. രോഗം കണ്ടതോടെ ബിജു മൃഗ ഡോക്ടറെ സമീപിച്ചെങ്കിലും ആശുപത്രിയിൽ മരുന്ന് ലഭ്യമായില്ല. മറ്റ് കർഷകരുടെ ഉപദേശപ്രകാരം ഡെൽഫാബിറ്റ് എന്ന മരുന്ന് താറാവുകൾക്ക് നൽകിയെങ്കിലും രോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരം ജില്ല മൃഗാശുപത്രിയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി സാമ്പിൾ പരിശോധിച്ചു. സാമ്പിളുകൾ മഞ്ഞാടിയിൽ ടെസ്റ്റ് ചെയ്ത് റി​സൾട്ട് വന്നതിന് ശേഷമേ പക്ഷിപ്പനി സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ ബിജുവിനെ അറിയിച്ചു.

42 ദിവസം പ്രായമുള്ള 4000 ഓളം താറാവുകളാണ് ബിജുവിനുള്ളത്. ചത്ത താറാവുകളെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം സംസ്‌കരിച്ചു. പക്ഷിപ്പനിയുടെ പ്രകടമായ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ജില്ല വെറ്ററിനറി ഉദ്യോഗസ്ഥർ പറഞ്ഞു. 2017ൽ പക്ഷിപ്പനി വ്യാപകമായപ്പോൾ ബിജുവിന്റെ 6650 താറാവുകൾ ചത്തൊടുങ്ങിയിരുന്നു. താറാവുകൾ ചത്തൊടുങ്ങിയ സ്ഥലം വെറ്ററിനറി ഉദ്യോഗസ്ഥർ സന്ദർശിച്ചു.