മാവേലിക്കര- കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാവേലിക്കര നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ. 0479 2302218. നഗരസഭ അടിയന്തിര യോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തി. മുൻകരുതൽ നടപടികൾ എടുക്കുന്നതിനായി ജനങ്ങൾക്ക് ബോധവത്കരണത്തിന് നഗരസഭ പരിധിയിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ സാധനങ്ങൾ അടിയന്തിര സാഹചര്യമുണ്ടായാൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വിദേശത്തുനിന്നും അടുത്ത കാലത്തെത്തിയവരെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വേണ്ട പരിശോധനകൾ നടത്തും. എല്ലാ സ്‌കൂളുകളിലും, അംഗനവാടികളിലും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നഗരസഭയുടേയും ജില്ലാ ആശുപത്രിയുടേയും നേതൃത്വത്തിൽ വാർഡുതല ബോധവത്കരണം നടത്തുന്നുണ്ട്. ആശാ വർക്കർമാർ അടക്കം എല്ലാ സംഘടനകളുടെയും സഹായം വാർഡുതലത്തിൽ ലഭ്യമാകുന്നുണ്ട്. ആളുകൾ കൂടുതലായി പരിഭ്രാന്തരാകണ്ടെന്നും ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ യഥാവിധം പാലിക്കുവാനും നഗരസഭാ ചെയർപേഴ്‌സൺ ലീലാ അഭിലാഷ് അറിയിച്ചു.