ആലപ്പുഴ: സംസ്ഥാനത്ത് കൊറോണ വൈറസ് കൂടുതൽ പേർക്ക് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും .വിവിധ ജില്ലകളിൽ നിന്നുള്ള രക്തസാമ്പിൾ പരിശോധന നടത്തുന്നത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫീൽഡ് സെന്ററിലാണ്. ആശാ പ്രവർത്തകരും ഫീൽഡ് ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ പ്രതിരോധ പ്രവർത്തനരംഗത്ത് സജീവമാണ്.
വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളെ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ ബീച്ചിലും നഗരത്തിലും തിരക്ക് നന്നേ കുറവായിരുന്നു. വിദേശ സഞ്ചാരികൾ മിക്കവരും ഹോട്ടലുകളിലെ മുറിയിൽ തന്നെ വിശ്രമത്തിലായിരുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിലും കളക്ഷനിലും വൻ കുറവുണ്ടായിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ ഹാജർ നില പതിവ് പോലെയുണ്ടായിരുന്നെങ്കിലും പൊതുജനങ്ങളുടെ തിരക്ക് കുറവായിരുന്നു.
കെ.എസ്.ആർ.ടി.സിയും കിതയ്ക്കുന്നു
ആലപ്പുഴ,ചേർത്തല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, എടത്വ, ഹരിപ്പാട് ഡിപ്പോകളിൽ പ്രതിദിന കളിക്ഷനിൽ വലിയ കുവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ആലപ്പുഴയിൽ കഴിഞ്ഞ രണ്ട് തിങ്കളാഴ്ചത്തെ മാത്രം കണക്കുകൾ പരിശോധിച്ചാൽ 4.5ക്ഷം രൂപയാണ് വരുമാനത്തിൽ കുറവ്. ഡിപ്പോയിൽ ശരാശരി 5,000യാത്രക്കാരുടെ കുറവ് പ്രതിദിനം അനുഭവപ്പെടുന്നു. രാവിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഉള്ളതിനാൽ അല്പം തിരക്ക് അനുഭവപ്പെടുമെങ്കിലും 11മണിക്കു ശേഷം യാത്രക്കാർ തീരെ കുറവാണ്. ദീർഘദൂര സവർവീസുകളിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ജില്ലയിൽ നിന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി, സ്വാകാര്യ ബസുകൾ സർവീസ് ഗണ്യമായി കുറഞ്ഞു.
4.5 ലക്ഷം
ഒരു ലക്ഷം രൂപ മുതൽ 4.5 ലക്ഷംരൂപ വരെ ജില്ലയിലെ വിവിധ ഡ്പ്പോകളിൽ കളക്ഷനിൽ കുറവ് അനുഭവപ്പെട്ടു.
5000
ആലപ്പുഴ ഡിപ്പോയിൽ മാത്രം പ്രതിദിനം അയ്യായിരത്തോളം യാത്രക്കാരുടെ കുറവുണ്ട്
സ്വകാര്യബസുകളിൽ
35% വരുമാനക്കുറവ്
ജില്ലയിലെ തെക്കൻ മേഖലയിൽ ജനങ്ങൾ സ്വകാര്യ ബസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. പ്രതിദിന വരുമാനത്തിൽ 20 മുതൽ 35ശതമാനം വരെ കുറവാണ് ഓരോ ബസിന്റെയും കളക്ഷനിലുണ്ടായിട്ടുള്ളത്. കൊറോണ റിപ്പോർട്ട് ചെയ്തോടെ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതിനാൽ പത്തനംതിട്ട ജില്ലയിലേക്ക് മാവേലിക്കര, ചെങ്ങന്നൂർ, ഹരിപ്പാട്, കായംകുളം ഭാഗങ്ങളിൽ നിന്ന് സർവീസ് ഗണ്യമായി കുറച്ചു. സ്വകാര്യ ബസുകളിലെ മുഴുവൻ ജീവനക്കാർക്കും ഗ്ളൗസും മാസ്കും വിതരണം ചെയ്യുമെന്ന് കേരള ബസ്ട്രാൻസ്പോർട്ട് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യനും സെക്രട്ടറി എസ്.എം.നാസറും അറിയിച്ചു.
ആൾക്കൂട്ടത്തിലേക്ക് പോകണ്ട
കൊറോണ വൈറസ് പ്രതിരോധത്തിനായി മുഖാവരണം ഉപയോഗിക്കുന്നതിനേക്കാൾ പ്രധാനം ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കൽ ആണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് പറഞ്ഞു. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും വിദേശത്തുനിന്നു വന്നവരും സർക്കാർ നിർദ്ദേശിച്ചത്രയും ദിവസം ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ പോകരുത്.
രോഗം വരില്ലെന്ന അമിത ആത്മവിശ്വാസത്തോടെ മുഖാവരണവുമായി ആൾക്കൂട്ടത്തിൽ ഇറങ്ങുന്നതും ശുചിത്വത്തെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിക്കുന്നതും അപകടകരമാണ്.
ഉപയോഗിച്ച മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതും രോഗം പകരാൻ കാരണമാകും. സാധാരണ ജനങ്ങൾ മാസ്‌കിനേക്കാൾ തൂവാല ഉപയോഗിക്കുന്നതാണ് സൗകര്യപ്രദം. ഈ തൂവാല ശുചിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.
ആശുപത്രിയിലേക്ക് ചെറിയ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികൾക്ക് മാസ്‌ക് ഉപയോഗിക്കാം. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ആണിത്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരും ജീവനക്കാരും എൻ95 മാസ്‌ക് ഉപയോഗിക്കണമെന്നും ഡോ. സൈറുഫിലിപ്പ് നിർദേശിച്ചു.