ചരിത്രം കുറിച്ച് കലവൂർ ഗവ.എൽ.പി.എസ്
മാരാരിക്കുളം:മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കായ കലവൂർ ഗവ.എൽ.പി.എസിൽ രണ്ടു മണിക്കൂറിനുള്ളിൽ ഒന്നാം ക്ലാസിൽ നടന്നത് 126 അഡ്മിഷൻ.സ്‌കൂളിൽ സംഘടിപ്പിച്ച ഏക ദിനപ്രവേശന മേളയിൽ ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറിയിലേക്കുമായി 252 വിദ്യാർത്ഥികൾക്കാണ് പ്രവേശനം ഒരുക്കിയത്.പ്രീപ്രൈമറിയിൽ 106 കുട്ടികളും രണ്ടു മുതൽ നാലു വരെയുള്ള ക്ലാസുകളിലേക്ക് ഇരുപതോളം കുട്ടികളുമാണ് പ്രവേശന മേളയിൽ എത്തിയത്.ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം നിർവഹിച്ചു. മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആകുന്ന ജില്ലയിലെ ആദ്യ എൽ.പി സ്‌കൂൾ എന്ന പ്രഖ്യാപനം മണ്ണഞ്ചേരിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സന്തോഷ് നിർവഹിച്ചു.വയലാർ രാമവർമ്മയുടെയും ശരത്ചന്ദ്രവർമ്മയുടെയും ഹിറ്റ് ഗാനങ്ങൾക്ക് നൃത്താവിഷ്‌ക്കാരം നൽകി വിദ്യാർത്ഥികൾ നടത്തിയ സ്വീകരണം പുത്തൻ അനുഭൂതിയാണ് പകർന്നത്.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും വയലാറിലെ രാഘവപ്പറമ്പിലേയ്ക്ക് ക്ഷണിച്ചാണ് ശരത് മടങ്ങിയത്. 10 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റിയത്.
600 കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂൾ 2019-20 അദ്ധ്യയനവർഷത്തിൽ ചേർത്തല ഉപജില്ലയിലെ മികച്ച എൽ.പി സ്‌കൂളിനുള്ള അവാർഡ് നേടിയിരുന്നു.പൊതുജന പങ്കാളിത്തത്തോടെ ഹൈടെക് കമ്പ്യൂട്ടർ ലാബ് നിർമ്മിച്ച ജില്ലയിലെ ആദ്യ എൽ.പി സ്‌കൂൾ,എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറികൾ നിർമ്മിച്ച സ്‌കൂൾ തുടങ്ങിയ നേട്ടങ്ങൾ കരസ്ഥമാക്കി പൊതുവിദ്യാലയങ്ങൾക്ക് കലവൂർ എൽ.പി സ്‌കൂൾ മാതൃകയാകുകയാണ്.യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷനായി.ഹെഡ്മിസ്ട്രസ് റാബിയ ബീഗം,കെ.സുഭഗൻ,ടി.ശ്രീഹരി, സിന്ധുക്കുട്ടി,എ.കെ.പ്രസന്നൻ,ഋഷി നടരാജൻ,മുരാരി ശംഭു,ഷാജി മഞ്ജരി,ഗിരീഷ് കുമാർ,ബി.എം.ബിയാസ്,ആസിഫ് റഹീം,ഉഷാദേവി എന്നിവർ സംസാരിച്ചു.