ആലപ്പുഴ: കുട്ടനാട് പാക്കേജിലെ പദ്ധതികളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം തീരുമാനിച്ചു.

കാർഷിക മേഖലയിലെ വളർച്ചയും കർഷകരുടെ വരുമാനവും വർദ്ധി​പ്പിക്കുക, വെള്ളപ്പൊക്കം നിയന്ത്രിക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാൻ പ്രാപ്തരാക്കുക, വേമ്പനാട് കായൽ വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങൾ താങ്ങാൻ കഴിയുന്ന സ്ഥിതിയിലാക്കുക എന്നിവ ലക്ഷ്യമി​ട്ടാണ് പാക്കേജ് നടപ്പാക്കുന്നത്.

ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്ത് സംസ്ഥാന ആസൂത്രണ ബോർഡാണ് നിർദേശങ്ങൾ തയ്യാറാക്കിയത്. മന്ത്രിമാരായ ഡോ.തോമസ് ഐസക്, കെ.കൃഷ്ണൻകുട്ടി, ജി.സുധാകരൻ, ജെ.മേഴ്‌സിക്കുട്ടിയമ്മ, വി.എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, കെ.രാജു, എം.എം.മണി, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും കളക്ടർ എം.അഞ്ജനയും യോഗത്തിൽ പങ്കെടുത്തു.

.............................................

# ശ്രദ്ധ പതിയുന്ന ഇടങ്ങൾ

 ഡച്ച് മാതൃകയിലുള്ള നദിക്കൊരിടം (റൂം ഫോർ റിവർ) പ്രധാന നിർദേശം

 കുട്ടനാട്ടിലും ചുറ്റുപാടുമുള്ള തോടുകൾ അടിയന്തരമായി വൃത്തിയാക്കൽ

 തോട്ടപ്പള്ളി സ്പിൽവേയിലേക്കുള്ള ലീഡിംഗ് ചാനലിന് ആഴവും വീതിയും വർദ്ധിപ്പിക്കൽ

 പമ്പയിൽ മൂന്ന് പ്രളയ റഗുലേറ്ററുകൾ

 എ.സി കനാലിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കൽ

 കുട്ടനാട്ടിലെ പാടശേഖരങ്ങൾക്ക് പുറം ബണ്ട്

 കുട്ടനാടിനെ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിക്കൽ

 പുതിയ കാർഷിക കലണ്ടർ നിർബന്ധമാക്കൽ

 കർഷകർക്ക് ആവശ്യമായ വിത്തുകൾ കൃത്യസമയത്ത് വിതരണം ചെയ്യൽ

 ആവശ്യമായ വിത്തുകളുടെ ഉത്പാദനം കുട്ടനാട്ടിൽ തന്നെ

 എല്ലാ 'പെട്ടിയും പറയും' മാറ്റി സബ്‌മേഴ്‌സിബിൾ പമ്പുകളുടെ വിതരണം

 ഹൗസ്ബോട്ടുകളിൽ മലിനീകരണ നിയന്ത്രണം ഉറപ്പാക്കും

 കുട്ടനാട്ടിൽ വ്യവസായ വകുപ്പിനു കീഴിൽ സംയോജിത റൈസ് പാർക്ക്

 താറാവുകൃഷി ഗവേഷണ കേന്ദ്രം

 പുതിയ വൈദ്യുതി സബ് സ്റ്റേഷൻ

..............................................

 ചെന്നൈ ഐ..ഐ.ടി എത്തും

തോട്ടപ്പള്ളി സ്പിൽവേ വീതി കൂട്ടുന്നത് സംബന്ധിച്ച് പഠനം നടത്താൻ ചെന്നൈ ഐ.ഐ.ടിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് താമസിയാതെ കിട്ടും. മൃഗസംരക്ഷണ മേഖലയുടെ ഇടപെടലിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും കന്നുകാലി ഷെഡുകൾ ഉയർന്ന പ്രതലത്തിൽ സ്ഥാപിക്കാൻ നിർദ്ദേശമുണ്ട്. പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇത് നടപ്പാക്കണം. നിരണത്തെ താറാവു ഫാം ആധുനികവത്കരിക്കണമെന്നും ശുപാർശയുണ്ട്. ഉൾനാടൻ മത്സ്യബന്ധനം വ്യാപിപ്പിക്കാൻ വിവിധ നടപടികൾ സ്വീകരിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്കിടയിൽ സ്വയംസഹായ സംഘങ്ങൾ വ്യാപിപ്പിക്കും.

290 കോടി രൂപ ചെലവിൽ നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കാൻ ഇതുവഴി കഴിയും. .