 ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് സേഫ് കേരളയെ ബാധിക്കുന്നു

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ സേഫ് കേരള സ്ക്വാഡിന്റെ പ്രവർത്തനത്തെ തുടർന്ന് ജില്ലയിൽ റോഡപകടങ്ങളുടെ നിരക്കിൽ കുറവുണ്ടാകുമ്പോഴും ഉദ്യോഗസ്ഥരുടെ കുറവ് പരിശോധനകളെ ബാധിക്കാറുണ്ട്. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോഴും അതിൽ നിന്ന് ആവശ്യത്തിന് നിയമനം നടത്താത്തതാണ് ഉദ്യോഗസ്ഥരുടെ കുറവിനു കാരണം. എ.എം.വി.ഐമാരുടെ എണ്ണം കൂടിയാൽ സേഫ് കേരളയിലെ പരിശോധന കൂടുതൽ ഊർജിതമാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉണ്ടായ അപകട മരണത്തേക്കാൾ ഈ വർഷം 25ശതമാനം കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ ജില്ലയിലുണ്ടായ 327 അപകടങ്ങളിൽ 24പേരാണ് മരിച്ചത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സേഫ് കേരള സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനകളിൽ 2,554 വാഹനങ്ങൾക്കെതിരെ കേസ് എടുത്ത് 31,52,330 രൂപ ഫൈൻ ഈടാക്കി. സ്പീഡ് ഗവർണർ പ്രവർത്തിപ്പിക്കാതെ സർവ്വീസ് നടത്തിയ 13 വാഹനങ്ങൾ, ഹെൽമ​റ്റ് ഉപയോഗിക്കാതിരുന്ന 925 പേർ, നികുതി അടക്കാത്ത 38 വാഹനങ്ങൾ, ഫി​റ്റ്നസില്ലാത്ത 31 വാഹനങ്ങൾ, എയർ ഹോൺ ഉപയോഗിച്ച 97 വാഹനങ്ങൾ, സൈലൻസറും മ​റ്റും രൂപമാ​റ്റം വരുത്തിയ 65 വാഹനങ്ങൾ, ഫാൻസി നമ്പർ ബോർഡ് വച്ച 63 വാഹനങ്ങൾ, ഇൻഷുറൻസില്ലാത്ത 126 വാഹനങ്ങൾ, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 60 പേർ, അപകടകരമായ രീതിയിൽ വാഹനം ഓടിച്ച 51 പേർ, വാഹനം ഓടിക്കുന്നതിനിടെ 69 പേർ, സീ​റ്റ് ബൽ​റ്റ് ധരിക്കാതെ യാത്ര ചെയ്ത 113 പേർ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.

''കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. നാഷണൽ ഹൈവേയിൽ ബസ് ബേയിൽ നിർത്താതെ മ​റ്റുള്ള സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയ​റ്റുകയും ഇറക്കുകയും ചെയ്യുന്ന ബസ് ജീവനക്കാരുടേയും ബസ് ബേകളിൽ അനധികൃതമായി മ​റ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുടേയും ഹെൽമ​റ്റ് ധരിക്കാതെ ഇരു ചക് വാഹനങ്ങൾ ഓടിക്കുന്നവരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുളള കർശന നടപടികൾ സ്വീകരിക്കും

പി.ആർ സുമേഷ്,

ആർ.ടി.ഒ