ചേർത്തല:വേമ്പനാട് കായലിലെ മത്സ്യ,കക്ക സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും തൊഴിൽ സംരക്ഷിക്കാനും നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മുഹമ്മ ഏരിയ കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നിയന്ത്റിക്കുന്നതിലെ തീരുമാനങ്ങൾ അട്ടിമറിക്കുന്നത് അവസാനിപ്പിക്കുക,പരീക്ഷണാടിസ്ഥാനത്തിൽ ഒരുവർഷം ഷട്ടറുകൾ തുറന്നിടുമെന്ന വാഗ്ദാനം സർക്കാർ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
ആവാസവ്യവസ്ഥയിലെ തകർച്ച കാരണം 140ൽപ്പരം മത്സ്യ ഇനങ്ങൾ കായലിൽനിന്ന് അപ്രത്യക്ഷമായി. ശുദ്ധജല മത്സ്യങ്ങളായ കരിമീനും കൊഞ്ചും ഗണ്യമായി കുറഞ്ഞു. കായലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണെന്നും യൂണിയൻ
ജില്ലാ പ്രസിഡന്റ് പി.ഐ.ഹാരിസ്,ജില്ലാ കമ്മിറ്റിയംഗം പി.എസ്.ഷാജി,ഏരിയ പ്രസിഡന്റ് കെ.എൻ.ബാഹുലേയൻ, സെക്രട്ടറി എം.ഷാനവാസ് എന്നിവർ പറഞ്ഞു.