ആലപ്പുഴ: സ്പർശനത്തിലൂടെ കൊറോണ വൈറസ് വ്യാപനത്തിന് ഇടവെയ്ക്കുന്നതാണ് എ.ടി.എം കൗണ്ടറുകളും. സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് പണം എടുക്കുന്നതിനായി ഒരോദിവസവും എ.ടി.എമ്മുകളിൽ എത്തുന്നത്. രോഗബാധിതർ കീബോർഡിൽ സ്പർശിക്കുന്നതിലൂടെ രോഗാണുക്കൾ പകരാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. എ.ടി.എം കൗണ്ടറുകൾ സ്ഥാപിച്ചിട്ടുള്ള മുറികൾ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം നിലവിലല്ല. എ.ടി.എം കൗണ്ടറുകൾ, പൊതു ആവശ്യത്തിന് ഉപയോഗിക്കുന്ന വാതിലുകൾ എന്നിവടങ്ങളിൽ സ്പർശിച്ചാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകിയതിന് ശേഷമേ വായിലോ മൂക്കിലോ സ്പർശിക്കാവൂ. ഇത്തരം ഇടങ്ങളിൽ അണുവിമുക്തമാക്കുവാൻ ആവശ്യമായ പ്രവർത്തനം അനിവാര്യമാണെന്ന് മെഡിക്കൽകോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്പ് പറഞ്ഞു.