ആലപ്പുഴ: കൊറോണ രോഗം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിൽ ഇന്നലെ വൈകുന്നേരം വരെ 149 പേർ നിരീക്ഷണത്തിൽ കഴിയുന്നു. മുൻകരുതലുകളുടെ ഭാഗമായി ഇന്നലെ 30 പേരെയാണ് പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്. 132 പേർ വീടുകളിലും 17 പേർ വിവിധ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 10 പേരുടെ സ്രവ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തവരുടെ എണ്ണം 88 ആയി. പരിശോധന ഫലം ലഭിച്ച 73ഉം നെഗറ്റീവ് ആണ്. ജില്ലയിൽ നിരീക്ഷണ പ്രതിരോധ പ്രവർത്തനങ്ങൾ അതീവ ജാഗ്രതയോടെയാണ് നടക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവർ വീടുകളിൽ 14 ദിവസം ഐസൊലേഷനിൽ നിർബന്ധമായും കഴിയണം. വിദേശ യാത്രാ വിവരം ഒരു കാരണവശാലും മറച്ചു വെയ്ക്കരുതെന്നും ഡി.എം.ഒ ഡോ.എൽ.അനിതകുമാരി അറിയിച്ചു.പനി, ചുമ, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം.
ഫോൺ ദിശ - 1056, 0471- 2552056, 0477 2239999, 0477 2251650
ശേഖരിച്ച രക്തസാമ്പിളുകൾ 88
ഫലം ലഭിച്ച 73ഉം നെഗറ്റീവ്
ബോധവത്കരണം ഊർജിതം
ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 9 ബോർഡുകൾ സ്ഥാപിച്ചു. പൊതുജനങ്ങൾക്കായി 18 ക്ലാസ്സുകൾ സംഘടിപ്പിച്ചുj. ആലപ്പുഴ സായി സ്പോർട്സ് സെന്ററിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 47 പേർക്ക് ടെലികൗൺസിലിംഗും, രണ്ടു ക്ലാസ്സുകളും നടത്തി. ജില്ലയിലെ വില്ലേജ് ഓഫീസർമാർക്കും, തഹസിൽദാർമാർക്കുമായി ബോധവൽക്കരണ ക്ലാസ്സ് കളക്ട്രേറ്റിൽ നടന്നു. പ്രധാനപ്പെട്ട വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെയും, ജുവലറികളിലെയും, മാളുകളിലെയും ജീവനക്കാർക്കായി ക്ലാസ്സുകൾ സംഘടിപ്പിച്ചു. മണ്ണഞ്ചേരി, മുഹമ്മ, അരൂക്കുറ്റി എന്നി പഞ്ചായത്ത് ഓഫീസുകളിൽ പ്രത്യേക യോഗങ്ങൾ ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി. തൊഴിലുറപ്പ് പ്രവർത്തകർക്കായും, അന്യസംസ്ഥാന തൊഴിലാളികൾക്കും പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു.