ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സെക്രട്ടറിമാരുമായി കളക്ടർ വീഡിയോ കോൺഫറൻസ് നടത്തി.
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരെ ഒറ്റപ്പെടുത്താതെ അവർക്ക് വേണ്ട സഹായങ്ങൾ കൃത്യമായി എത്തിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. വ്യാജപ്രചാരണങ്ങൾ തടയുന്നതിനും ജനങ്ങൾ ആവശ്യമില്ലാതെ കൂട്ടംകൂടുന്നത് ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ പഞ്ചായത്തുകൾ സ്വീകരിക്കണം. രോഗികളുടെ പേര് വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയണം.
കൊറോണയുടെ പേരിൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നാശനഷ്ടങ്ങൾ വരുത്തുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും കളക്ടർ നിർദേശിച്ചു.
വണ്ടാനം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ.വിശ്വകല, ഡോ. ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് ആവശ്യമായ മുൻകരുതലുകളെ കുറിച്ചുള്ള ക്ലാസ് നൽകിയത്. ഡെപ്യൂട്ടി കളക്ടർമാരായ ആശ സി.എബ്രഹാം, ജെ.മോബി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ആഘോഷങ്ങൾ മാറ്റിവച്ചത് മാതൃകാപരം
കോവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുപരിപാടികൾ ഉൾപ്പടെയുള്ളവ താൽക്കാലികമായി നിർത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കൃപാസനം പള്ളിയിലെ ഉടമ്പടി ഉൾപ്പെടെയുള്ള ശുശ്രുഷകൾ, തിരുവമ്പാടി ശ്രീകിരാതരുദ്ര മഹാദേവ ക്ഷേത്രത്തിലെ പഞ്ചദിന നാരായണീയ സത്രം, ഐ.എം.എസിലെ മാർച്ച് 31 വരെയുള്ള പരിപാടികൾ എന്നിവ മാറ്റിവച്ചതായി അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.
ആഘോഷങ്ങൾ, കൺവൻഷനുകൾ, ധ്യാനങ്ങൾ, ഊട്ടു നേർച്ച, മതപഠന ക്ലാസുകൾ, മീറ്റിംഗുകൾ എന്നിവ മാറ്റിവയ്ക്കാൻ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്തയും നിർദ്ദേശം നൽകിയിട്ടുണ്ട്.
വിവിധ ആരാധനാലയങ്ങളുടെ പ്രതിനിധികളുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവർത്തികൾ മാതൃകാപരവും സ്വാഗതാർഹവുമാണെന്ന് കളക്ടർ എം.അഞ്ജന പറഞ്ഞു.