ചേർത്തല/പൂച്ചാക്കൽ : പൂച്ചാക്കലിൽ നാല് സ്കൂൾ വിദ്യാർത്ഥിനികൾ ഉൾപ്പെടെ ആറ് പേരെ ഇടിച്ചു തെറിപ്പിച്ച കെ.എൽ 32 ഡി 8268 നമ്പർ കാറിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.സംഭവസ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥ സംഘം നാട്ടുകാരിൽ നിന്നും മറ്റും വിവരം ശേഖരിച്ചു. ഡ്രൈവർ മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചതെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ജോയിന്റ് ആർ.ടി.ഒ ഡി.ജയരാജ് പറഞ്ഞു. കാറോടിച്ചതെന്ന് സംശയിക്കുന്ന അസാം സ്വദേശിക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
പൂച്ചാക്കൽ പള്ളിവെളി കവലയ്ക്ക് കിഴക്കുവശം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 നാണ് പൂച്ചാക്കൽ ഇടവഴിക്കൽ മനോജും അസാം സ്വദേശിയായ അസ്ലം എന്നു വിളിക്കുന്ന ആനന്ദ് മുഡോയും സഞ്ചരിച്ച കാർ പ്ളസ് ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന നാലു വിദ്യാർത്ഥിനികൾ അടക്കം ആറു പേരെ ഇടിച്ചുതെറിപ്പിച്ചത്.
വിദ്യാർത്ഥിനികളായ തളിയാപറമ്പ് ഉരുവങ്കുളത്ത് ചന്ദ്രന്റെ മകൾ അനഘ (17), പാണാവള്ളി അയ്യങ്കേരി സാബുവിന്റെ മകൾ സാഗി സാബു (17), നാൽപ്പത്തെണ്ണീശ്വരം കോണത്തേഴത്ത് ചന്ദ്രബാബുവിന്റെ മകൾ ചന്ദന (17), ഉളവയ്പ്പ് മുരിക്കുംതറ അനിരുദ്ധന്റെ മകൾ അർച്ചന (17) എന്നിവർക്കും ബൈക്ക് യാത്രക്കാരായ അനീഷ്(36), മകൻ വേദവ് (4) എന്നിവർക്കുമാണ് പരിക്കേറ്റത്. അമിത വേഗത്തിൽ വന്ന കാർ, ബൈക്കിൽ ഇരിക്കുകയായിരുന്ന അനീഷിനെയും മകൻ വേദവിനെയുമാണ് ആദ്യം ഇടിച്ചത്. തുടർന്ന് എതിർവശത്തേക്കു വെട്ടിത്തിരിഞ്ഞാണ് അനഘ, സാഗി സാബു, ചന്ദന എന്നിവരെ ഇടിച്ചത്. ചന്ദന തോട്ടിലേക്കും മറ്റു രണ്ടുപേർ പുരയിടത്തിലേക്കും തെറിച്ചുവീണു.
വീണ്ടും പാഞ്ഞ കാർ സൈക്കിളിൽ വരികയായിരുന്ന അർച്ചനയെ ഇടിച്ചശേഷമാണ് മരത്തിലിടിച്ച് നിന്നത്. കാർ യാത്രക്കാർക്കും പരിക്കേറ്റു.
രാവിലെയും അപകടമുണ്ടാക്കി
ചൊവ്വാഴ്ച രാവിലെയും ഈ കാർ മതിലിൽ ഇടിച്ച് അപകടമുണ്ടാക്കിയതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു.ആർ.ടി.ഒ രേഖകളിൽ പൂച്ചാക്കൽ കാരവേലിൽ അസറുദ്ദീൻ മനാഫിന്റെ പേരിലാണ് കാർ.എന്നാൽ ഇയാൾ മാസങ്ങൾക്കു മുമ്പേ കാർ മറിച്ചു വിറ്റിരുന്നു.ഡ്രൈവർ ഉൾപ്പെടെ ചികിത്സയിലായതിനാൽ ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ച ശേഷം തുടർ നടപടി സ്വകരിക്കുമെന്നും ജോയിന്റ് ആർ.ടി.ഒ പറഞ്ഞു.
അപകടം ഉണ്ടാക്കിയ കാർ സയന്റിഫിക് ഓഫീസർമാരായ ചിത്ര ,സി.രാമചന്ദ്രൻ എന്നിവർ പരിശോധിച്ചു.കാറിൽ ഒഴിഞ്ഞ കുപ്പികളും ഗ്ലാസും പലഹാരങ്ങളും ചിതറി കിടക്കുന്നതായി കാണപ്പെട്ടു.പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു.
നാലു ദിവസം മുമ്പ് സെക്കൻഡ് ഹാൻഡായി വാങ്ങിയ ടൂറിസ്റ്റ് പെർമിറ്റുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ശ്രീകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനികളായ ചന്ദനയും സാഗിയും കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ് കളമശേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ് . അനഘ ഇരുകാലുകൾക്കും പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ്. ലിസിയം പാരലൽ കോളേജിലെ പ്ളസ് ടു വിദ്യാർത്ഥിനിയായ അർച്ചനക്ക് കാൽമുട്ടിനാണ് ഗുരുതര പരിക്ക്. അർച്ചനയെ ചിറ്റൂർ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ബൈക്ക് യാത്രികരായ അനീഷും നാലു വയസുകാരനായ മകൻ വേദവും എറണാകുളം ജനറൽ ആശുപത്രിയിലും കാർ യാത്രക്കാരായ മനോജും അസം സ്വദേശിയായ അസ്ലം എന്നു വിളിക്കുന്ന ആനന്ദ് മുഡോയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.