ചാരുംമൂട്: വീട്ടിൽ വച്ച് യുവതിയെ കത്തി കാട്ടി ഭയപ്പെടുത്തി​ മൂന്നു പവന്റെ മാല തട്ടിയെടുത്ത യുവാവിനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. താമരക്കുളത്ത് സർവേസ് ആൻഡ് എൻജിനീയറിംഗ് എന്ന സ്ഥാപനം നടത്തുന്ന കുണ്ടറ സ്വദേശി ലിജു.ഡി ജോണിന്റെ ഭാര്യ നീതു (29)വിന്റെ മാലയാണ് തട്ടിയെടുത്തത്. ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരനായ കരുന്നാഗപ്പള്ളി സ്വദേശി ഫൈസലിനെ (25) യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ലിജു താമസിക്കുന്ന താമരക്കുളം തെക്കേമുറിയിലുള്ള വീട്ടിൽ വച്ചാണ് സംഭവം. സ്ഥാപനത്തിൽ നിന്നും നീതു വീട്ടിലെത്തിയ സമയം പിന്നാലെ വന്ന് മുഖംമറച്ച് വീട്ടിനുള്ളിൽ കയറി കത്തി കാണിച്ച് മാല തട്ടിയെടുത്തതായാണ് പരാതി. നീതുവിന്റെ കൈയ്ക്ക് കത്തികൊണ്ട് നിസാരപരിക്കുണ്ട്. മുഖം മറച്ചിരുന്നെങ്കിലും ആളെ മനസിലായിരുന്നതായും നീതു പോലീസിനോടു പറഞ്ഞു. ഈ സമയം നീതു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരാതിയെ തുടർന്ന് എസ്.ഐ. റജൂബ്ഖാന്റെ നേതൃത്വത്തിൽലുള്ള പൊലീസ് സംഘം രാത്രി 9 മണിയോടെയാണ് യുവാവി​നെ പി​ടി​കൂടി​യത്.