കുടിവെള്ളത്തിനായി നെട്ടോട്ടം
ആലപ്പുഴ: വേനൽ കടുത്തതോടെ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പുപൊട്ടൽ തുടർക്കഥയായതോടെ ആലപ്പുഴ നഗരത്തിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലെയും ഉപഭോക്താക്കൾ നട്ടം തിരിയുകയാണ്.
കുട്ടനാട്, ചാരുംമൂട് എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ടു ദിവസം വേനൽമഴ ലഭിച്ചെങ്കിലും കൃഷിക്ക് അത്ര ഗണം ചെയ്തില്ല. ആലപ്പുഴ കുടിവെള്ള പദ്ധതി 2017ൽ പ്രാബല്യത്തിൽ വന്നപ്പോൾ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും എട്ടുലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ 45 തവണ പൈപ്പ് പൊട്ടൽ ഉണ്ടായതല്ലാതെ വെള്ളം കൃത്യമായി എത്തിയിട്ടില്ല. ആലപ്പുഴ നഗരം,പുറക്കാട്,അമ്പലപ്പുഴ തെക്ക്,അമ്പലപ്പുഴ വടക്ക്,പുന്നപ്ര തെക്ക്,പുന്നപ്ര വടക്ക്,ആര്യാട്,മണ്ണഞ്ചേരി,മാരാരിക്കുളം പഞ്ചായത്തുകളാണ് പദ്ധതിക്കു കീഴിൽ വരുന്നത്. 220 കോടിയാണ് ചെലവിട്ടത്. പല സ്ഥലങ്ങളിലും വാട്ടർ അതോറിട്ടിയുടെ ആർ.ഒ പ്ലാന്റുകൾ തകരാറിലായതോടെ സ്വകാര്യ ആർ.ഒ പ്ലാന്റുകളാണ് ജനങ്ങളുടെ ആശ്രയം. തകഴിയിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തി ഇന്ന് പമ്പിംഗ് പുനരാംരംഭിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.
............................
നിലവാരം മാറുമോ!
ആലപ്പുഴ കുടിവെള്ള പദ്ധതിയിൽപ്പെട്ട, തകഴിയിലെ ഒന്നര കിലോമീറ്റർ ഭാഗത്തെ നിലവാരമില്ലാത്ത പൈപ്പ് രണ്ടുമാസത്തിനകം മാറ്റി സ്ഥാപിക്കണമെന്നാണ് ജലവിതരണവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് ഉത്തരവിട്ടിരിക്കുന്നത്. ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം പഞ്ചായത്തുകളിലെ കുഴൽക്കിണറുകൾ, ആർ.ഒ പ്ലാന്റുകൾ ഉൾപ്പെടെ പുനരുദ്ധരിക്കാനും പുതിയവ നിർമ്മിക്കാനുമായി തയ്യാറാക്കിയ 2.50 കോടിയുടെ എസ്റ്റിമേറ്റിനും ഭരണാനുമതിയായി. തകഴിയിലെ പൈപ്പ് മാറ്റിയിടുന്ന ജോലികൾ 18ന് തുടങ്ങുമെന്നാണ് യുഡിസ്മാറ്റ് പ്രോജക്ട് അധികൃതർ പറയുന്നത്.
.................
വറ്റിവരണ്ട് വേടരപ്ലാവ്
കടുത്ത ചൂടിൽ ചാരുംമൂട് വേടരപ്ലാവ് നിവാസികൾ ദാഹജലത്തിനായി അലയുകയാണ്. ദിനംപ്രതി ടാങ്കർ ലോറിയിൽ എത്തിക്കുന്ന വെള്ളമാണ് കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. ജില്ലയിൽ ഏത്തവാഴ കൂടുതൽ കൃഷി ചെയ്യുന്ന ചാരുംമൂട്ടിൽ വെള്ളമില്ലാത്തതിനാൽ വ്യാപകമായ കൃഷിനാശമാണുള്ളത്. കുലച്ച ഏത്തവാഴകൾ വിളവെടുപ്പിന് മുമ്പേ ഒടിഞ്ഞ് വീഴുന്നത് കർഷകർക്ക് തിരിച്ചടിയായി. പലരും ലോൺ എടുത്താണ് കൃഷി ഇറക്കിയത്. 8.30 ലക്ഷം മുടക്കി പാറ്റൂർ കുടിവെള്ള പദ്ധതി കൊണ്ടുവന്നെങ്കിലും പ്രയോജനം വേടരപ്ലാവിലെ 300 ഒാളം കുടുംബങ്ങൾക്ക് ഇതുവരെ ലഭ്യമായിട്ടില്ല.
............................
ഒരു നടപടിയുമില്ല
കുട്ടനാട്ടിൽ കാവാലം, മിത്രക്കരി, കൊടുപ്പുന്ന,കൈനകരി,വെളിയനാട് എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. മറ്റ് പഞ്ചായത്തുകളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഇവിടെ ഇതിനുള്ള സാഹചര്യം ഇതുവരെ അധികൃതർ ഒരുക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ നീരേറ്റുപുറത്തെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുപോലും വെള്ളം ലഭ്യമാകുന്നില്ല. കായലും തോടുകളും വറ്റിവരണ്ടതിനാൽ കൃഷിക്ക് വെള്ളം ലഭ്യമാകാത്ത അവസ്ഥയാണ്. ഒാരുവെള്ള ഭീഷണി കാരണം പല പാടങ്ങളിലും നെൽച്ചെടി നശിക്കുന്നുമുണ്ട്.