നഗരസഭാ ബഡ്ജറ്റ് അവതരണം
ആലപ്പുഴ: പ്രതിപക്ഷത്തിന്റെ രൂക്ഷമായ പ്രതിഷേധത്തിനിടെയാണ് വൈസ് ചെയർപെഴ്സൺ സി. ജ്യോതിമോൾ നഗരസഭയിൽ ഇന്നലെ ബഡ്ജറ്റ് അവതരിപ്പിച്ചത്. നഗരസഭ ചെയർമാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡയസിനുമുന്നിൽ എൽ.ഡി.എഫ് അംഗങ്ങൾ മദ്രാവാക്യം വിളിച്ച് ബഹളം കൂട്ടിയപ്പോൾ, കറുത്ത വസ്ത്രം ധരിച്ചെത്തിയ ബി.ജെ.പി അംഗങ്ങൾ അഴിമതിക്കാരനായ ചെയർമാന്റെ ബഡ്ജറ്റ് അറബിക്കടലിൽ എന്നെഴുതിതിയ ബാനർ ഉയർത്തിയാണ് പ്രതിഷേധിച്ചത്.
രാവിലെ 10.30ന് ബഡ്ജറ്റ് വായിക്കാൻ ജ്യോതിമോൾ എഴുന്നേറ്റപ്പോൾ എൽ.ഡി.എഫ് അംഗങ്ങൾ ഡയസിനരികിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉൾപ്പെടുത്തിയ ബഡ്ജറ്റ് കോപ്പികൾ കീറി ഇടത് മുന്നണി അംഗങ്ങൾ ഡയസിലേക്ക് വലിച്ചെറിഞ്ഞു. ഈ സമയം ജ്യോതിമോൾ ബഡ്ജറ്റിന്റെ പ്രസക്തഭാഗങ്ങൾ വായിച്ച് അവസാനിപ്പിച്ചു. ബഡ്ജറ്റ് പാസാക്കാൻ യോഗാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അഭ്യർത്ഥിച്ചതോടെ ഭരണ പക്ഷ അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളും പി.ഡി.പി അംഗങ്ങളും ബഡ്ജറ്റിന്റെ കോപ്പി ഉയർത്തി ഡസ്കിൽ അടിച്ച് പിന്തുണ അറിയിച്ചു. ഇതോടെ ബഡ്ജറ്റ് പാസായതായി യോഗാദ്ധ്യക്ഷൻ അറിയിച്ചു.
ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി ഡയസിനുമുന്നിൽ നിന്നു. ഡയസിലിരുന്ന ചെയർമാൻ പ്രതിഷേധക്കാരുടെ ചിത്രം കിട്ടത്തക്കതരത്തിൽ സെൽഫിയെടുത്തു. ഈ സമയം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കൗൺസിലർ ജോഷിരാജും ചേർന്ന് ബഡ്ജറ്റിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു. അല്പസമയത്തിനുള്ളിൽ പ്രതിപക്ഷ അംഗങ്ങൾ ഹാൾ വിട്ടു.
.....................................
'ധനകാര്യ സ്ഥിരം സമിതിയിൽ അംഗീകരിക്കാത്ത നഗരസഭ ബഡ്ജറ്റ് ചട്ടവിരുദ്ധമാണ്. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളൊന്നും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെതിരെയാണ് ഞങ്ങൾ പ്രതിഷേധിച്ചത്'
(ഡി.ലക്ഷ്മണൻ, പ്രതിപക്ഷ നേതാവ്)
...............................
'നഗരത്തിന്റെ സമഗ്രവികസനവും പാവങ്ങളെ സഹായിക്കുന്ന പദ്ധതികളും ഉൾപ്പെടുത്തിയ ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കുറ്റം പറയാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയത്. കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചുള്ള പ്രതിഷേധം ജനങ്ങൾ തള്ളിക്കളയും'
(ഇല്ലിക്കൽ കുഞ്ഞുമോൻ, ചെയർമാൻ)
.................................
'നാടിന്റെ പൊതു വികസനമല്ല, അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്'
(ബി.ജെ.പി)