 ആലപ്പുഴ നഗരസഭയ്ക്ക് 493.9 കോടിയുടെ ബഡ്ജറ്റ്

ആലപ്പുഴ: കുടിവെള്ളത്തിനും സമ്പൂർണ്ണ പാർപ്പിടത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകുന്ന 493.9 കോടിയുടെ നഗരസഭ ബഡ്ജറ്റിന് പ്രതിപക്ഷ ബഹളത്തിനിടെ അംഗീകാരം. വൈസ് ചെയർപേഴ്സൺ സി.ജ്യോതിമോളാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.
ഒരു വാർഡിൽ 40 പേർക്ക് വീതം ഭവന പുനരുദ്ധാരണ സഹായം ലഭ്യമാക്കാൻ എട്ട് കോടി വകകൊള്ളിച്ചു. മത്സ്യത്തൊഴിലാളി മേഖലയിൽ പ്രത്യേക ഭവന നവീകരണത്തിന് നാല് ലക്ഷം വീതം 270 പേർക്ക് നൽകും. പട്ടികജാതി ഭവന പുനരുദ്ധാരണ പദ്ധതിക്ക് 30 ലക്ഷവും പട്ടിക വിഭാഗ ഭവന പുനരുദ്ധാരണത്തിന് 10 ലക്ഷവും വകകൊള്ളിച്ചു. പാർപ്പിട മേഖലയിൽ 175 കോടിയുടെ പ്രവർത്തനങ്ങൾ നടത്തും. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ 71 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള നാല് സംഭരണികളുടെ നിർമ്മാണം പഴവങ്ങാടി, കൊമ്മാടി, കിടങ്ങാംപറമ്പ്, വലിയകുളം എന്നിവിടങ്ങളിൽ പുരോഗമിച്ചുവരുന്നു. ഏപ്രിലിൽ പ്രവർത്തനക്ഷമമാകും. മഴവെള്ളം സംഭരിച്ച് നഗരസഭാ ബ്രാൻഡിൽ വിപണനം നടത്തുന്നതിനുള്ള വിശദമായ പദ്ധതി നടപ്പാക്കും. സ്വകാര്യ മേഖലയിലെ ഗുണനിലവാരം ഇല്ലാത്ത ആർ.ഒ പ്ലാന്റുകൾ അടച്ചുപൂട്ടും.

നഗരസഭ നേരിട്ടും വിവിധ സന്നദ്ധ സംഘടനകളും നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കാരുണ്യ നഗരം പദ്ധതി നടപ്പാക്കും. അഗതി, ആശ്രയ പദ്ധതി ഭിന്നശേഷി സഹായ പദ്ധതികൾ, വിശപ്പില്ലാത്ത നഗരം പദ്ധതി, അത്താഴപ്പൊതികളും മരുന്നുപൊതികളും വിതരണം ചെയ്യുന്ന പദ്ധതി, കാൻസർ - കിഡ്നി രോഗികൾക്കായുള്ള പരിചരണ പദ്ധതികൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ആശ്രയം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും സ്പോൺസർമാരെ കണ്ടെത്തുന്ന ചെയർമാന്റെ പ്രത്യേക ചികിത്സാ സഹായ പദ്ധതി, ഭവന പദ്ധതി എന്നിവയാണ് കാരുണ്യ നഗരം ലക്ഷ്യമിടുന്നത്.

.....................................

# ബഡ്ജറ്റിലെ പ്രധാന നിർദേശങ്ങൾ.

 മത്സ്യമേഖലയുടെ നവീകരണത്തിന്: 1.60 കോടി
 നാടൻ കോഴി വളർത്തൽ വ്യാപിപ്പിക്കാൻ: 1.60 കോടി

 ആധുനിക തൊഴുത്ത് നിർമ്മിക്കാൻ സബ്സിഡി: 10 ലക്ഷം

 ഭിന്നശേഷി സൗഹൃദ മുറി:15 ലക്ഷം

 ഇ.എം.എസ് സ്റ്റേഡിയത്തിലെ 10 മുറികളിൽ കുട്ടികൾക്കുള്ള ഫിസിയോതെറാപ്പി സെന്റർ, ഓട്ടിസം സെന്റർ, വൊക്കേഷണൽ തെറാപ്പി സെന്റർ: 20 ലക്ഷം.

 വയോമിത്രം പ്രവർത്തനങ്ങൾക്ക്: 20 ലക്ഷം

 സാമൂഹിക ക്ഷേമ പ്രവർത്തനത്തിന്: 1.80 കോടി
 വനിതാ വികസനം:15 കോടി

 വനിതാ സ്റ്റാർട്ട് അപ്പ് ഇൻകുബേഷൻ സെന്റർ, കുടുംബശ്രീയുമായി സഹകരിച്ച് ഷീ ലോഡ്ജ്: 1.5 കോടി

 വനിതാ സംരംഭങ്ങളടെ സബ്സിഡി: 20 ലക്ഷം.

 വനിതാ വികസന യൂണിറ്റുകൾ: 3.60 കോടി
 സെപ്ടേജ് ട്രീറ്റ്മെന്റ് പ്ലാന്റ്: 3.45 കോടി
 ജനറൽ ആശുപത്രിയിലെ ഒ.പി ബ്ളോക്ക്: 117 കോടി

 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ: 25 ലക്ഷം

 കാനകളുടെ നിർമ്മാണം: 12.5 കോടി

 സ്‌കൂളുകളിലെ പ്രഭാത ഭക്ഷണ വിതരണം: 50 ലക്ഷം
 സ്‌കൂളുകളിൽ സൗരോർജ്ജ പദ്ധതി: 50 ലക്ഷം

 സത്രം കോംപ്ലക്സ് പുനർനിർമ്മാണം: 100 കോടി

 നടപ്പാലങ്ങൾക്ക്: 4.56 കോടി

 റിക്രിയേഷൻ ഗ്രൗണ്ടിൽ സ്ഥിരം പവിലിയൻ: 10 ലക്ഷം