അമ്പലപ്പുഴ : അമ്പലപ്പുഴ തെക്കു പഞ്ചായത്തിലെ മുന്നൂറാം പടവ് പാടത്ത് നിന്ന് കൊയ്തെടുത്ത നെല്ല് മില്ലുകാർ സംഭരിച്ചു തുടങ്ങി. ഇവിടെ കൊയ്ത്ത് കഴിഞ്ഞിട്ട് 15 ദിവസമായെങ്കിലും നെല്ലെടുക്കാൻ മില്ലുടമകൾ തയ്യാറായിരുന്നില്ല.
പതിരിന്റെ അംശം അധികമായതിനാൽ ക്വിന്റലിന് 15 കിലോഗ്രാം കിഴിവു നൽകണമെന്നായിരുന്നു മില്ലുടമകളുടെ ആവശ്യം. എന്നാൽ സമീപത്തെ കാവിൽ തെക്കുപുറം, വലിയ തുരുത്ത് ചെറിയ തുരുത്ത് പാടത്തെ നെല്ലിനെ അപേക്ഷിച്ച് മുന്നൂറാം പടവിലേത് നല്ലനെല്ലാണന്ന് പാടശേഖര സമിതി ഭാരവാഹികളായ തങ്കച്ചൻ, ബാബു എന്നിവർ മില്ലുടമകളെ അറിയിച്ചെങ്കിലും 15 ശതമാനം കിഴിവ് എന്നതിൽ അവർ ഉറച്ചു നിന്നു. അഞ്ചുകിലോഗ്രാം വരെ കിഴിവു നൽകാമെന്നറിയിച്ച് കർഷകർ രംഗത്തെത്തിയെങ്കിലും മില്ലുകാർക്ക് സ്വീകാര്യമായില്ല. വേനൽമഴയെത്തിയതോടെ കർഷക സംഘം പ്രവർത്തകരായയ ആർ. റജിമോൻ, പി. ഉമ്മർ, ലാലിച്ചൻ കഞ്ഞിപ്പാടം, സി. ശൈലേന്ദ്രൻ, ഡി. വിജയൻ എന്നിവർ പാഡി ഓഫീസർമാരും ഫുഡ് സേഫ്റ്റി കമ്മീഷൻ അംഗം ബി. രാജേന്ദ്രനുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ ആറുശതമാനം കിഴിവിൽ നെല്ലെടുക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. 3000 ക്വിന്റലോളം നെല്ലാണ് സംഭരിച്ചത്. 230 ഏക്കർ വരുന്ന പാടശേഖരത്ത് 70 ഓളം കർഷകരുണ്ട്.