ചെങ്ങന്നൂർ: പന്ത്റണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും കതിരണിഞ്ഞു പൂമാട്ടി പുഞ്ച. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന നെല്ല് ഉദ്പാദന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന പൂമാട്ടി പുഞ്ചയിൽ വെള്ളം കിട്ടാക്കനി ആയപ്പോഴാണ് കർഷകർ കൃഷിയിൽ നിന്ന് പിന്തിരിഞ്ഞത്. എന്നാൽ കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ജലസേചന മാർഗങ്ങൾ സുഗമമാക്കിയതോടെയാണ് പാടം വീണ്ടും കതിരണിഞ്ഞത്.
ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപയും കർഷകർക്ക് നൽകി. കൃഷി വകുപ്പ് തരിശ് കൃഷി പദ്ധതി പ്രകാരം ഹെക്ടറിന് 25,000 രൂപ വീതം നൽകി. കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ 5,500 രൂപയും കർഷകർക്ക് ലഭിച്ചു. 40 കർഷകർ 45ഹെക്ടർ പാടശേഖരത്തിലാണ് നവംബറിൽ കൃഷി ഇറക്കിയത്. വർഷങ്ങൾക്കുശേഷം സ്വന്തം കൃഷിയിടങ്ങൾ പോയകാല സമൃദ്ധി തിരിച്ചുപിടിക്കുന്ന സന്തോഷത്തിലാണ് കർഷകരെന്ന് ചെറിയനാട് കൃഷി ഓഫീസർ അഭിലാഷ് കരിമുളയ്ക്കൽ പറഞ്ഞു.