ആലപ്പുഴ: സപ്തതിയുടെ നിറവിലാണ്, വലിയൊരു ജനസഞ്ചയത്തിന് ചേച്ചിയും അമ്മയുമായ പ്രീതി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്ത് രണ്ടര പതിറ്റാണ്ടായി സൂര്യശോഭയോടെ തിളങ്ങി നിൽക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രിയ പത്നി. സർവ്വവിധ സൗഭാഗ്യങ്ങൾക്കും നടുവിലാണെങ്കിലും ഗുരുദർശനത്തെ ഹൃദയത്തോട് ചേർത്ത്, മറ്റുള്ളവർക്ക് നന്മയുടെ വഴികാട്ടി തീർത്തും സാധാരണക്കാരിയായി കഴിയാൻ ആഗ്രഹിക്കുന്ന വീട്ടമ്മ.

മാർച്ച് 15 നാണ് പ്രീതി നടേശന്റെ 70-ാം ജന്മദിനം. കുംഭത്തിലെ ചതയം നക്ഷത്രം. അതിനാൽ പിറന്നാൾ കഴിഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവം സമാപിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു പിറന്നാൾ. ആഘോഷങ്ങളുണ്ടായില്ല, വീട്ടിൽ ചെറിയ പ്രാർത്ഥനയൊക്കെ നടത്തി. മാർച്ച് 15 ആണ് 'ഡേറ്റ് ഒഫ് ബർത്ത് '.

കാർത്തികപ്പള്ളി മഹാദേവികാട് കമലാലയത്തിൽ ശാർങധരൻ-സാവിത്രിക്കുട്ടി ദമ്പതികളുടെ എട്ട് മക്കളിൽ അഞ്ചാമത്തെയാളായി 1950 മാർച്ച് 15നാണ് പ്രീതി ജനിച്ചത്. നടരാജ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനായ പിതാവ് ശാർങധരൻ മുതലാളി പ്രദേശത്തെ അറിയപ്പെടുന്ന കയർ ബിസിനസുകാരനും പ്രമാണിയുമായിരുന്നു. ചതയം നക്ഷത്രത്തിലെ ജനനം കൊണ്ട് മാത്രമല്ല, അമ്മയുടെ അമ്മാവൻ മംഗളാനന്ദ സ്വാമിയുടെ വീട്ടിലെ സാന്നിദ്ധ്യം കൊണ്ട് കൂടിയാണ് ചെറുപ്പത്തിലേ മനസിൽ ഗുരുദർശനത്തിന്റെ വിത്തുകൾ മുളച്ചത്.

'സ്വാമിഅമ്മാവൻ എന്ന് വിളിക്കാറുള്ള മംഗളാനന്ദ സ്വാമി ഇടയ്ക്കിടെ വീട്ടിൽ വന്നുകഴിഞ്ഞാൽ കുട്ടികൾക്ക് ഉത്സാഹമാണ്. ഭാഗവതവും രാമായണവും മഹാഭാരതവുമെല്ലാം വായിപ്പിച്ച്, സാരാംശങ്ങൾ വിശദമാക്കിത്തരും. വിക്രമാദിത്യ കഥകളോട് ചെറുപ്പത്തിലെ അടുപ്പമുണ്ടായതും ആശാൻ കവിതകളിലെ മാനവികതയും സൗകുമാര്യവും മനസിലാക്കിയതും സ്വാമി അമ്മാവൻ മുഖേനയാണ്. അക്ഷര പഠനത്തിന് മുമ്പ് തന്നെ പുരാണകഥകളുമായി ബന്ധമുണ്ടാവുന്നതും അങ്ങനെയാണ്. തീർത്തും സസ്യഭുക്കായ സ്വാമി അമ്മാവനുവേണ്ടി അമ്മ പ്രത്യേക ഭക്ഷണമാണ് തയ്യാറാക്കിയിരുന്നത്. മത്സ്യവും മാംസവുമൊക്കെ കഴിക്കുമായിരുന്ന ഞങ്ങൾക്ക് എല്ലാ കറികളും ചേർത്ത് അദ്ദേഹം തന്നിട്ടുള്ള ഉരുളയുടെ രുചി ഇപ്പോഴും നാവിലുണ്ട്.

പുളിക്കീഴ് ചന്തയിൽ അച്ഛന് കടയുണ്ട്. ബിസിനസുകാരനായ അച്ഛൻ കയർ സൂക്ഷിക്കുന്ന 'ഗുദാം' (കലവറ) അവിടെയാണ്. സന്ധ്യയ്ക്ക് കടയിൽ നിന്ന് അച്ഛൻ വീട്ടിലേക്ക് വരുമ്പോൾ, ഞങ്ങൾ മക്കളെല്ലാവരും ചേർന്ന് സന്ധ്യാനാമവും ദൈവദശകവും ചൊല്ലുന്നത് അദ്ദേഹത്തിന് കേൾക്കണം. അത് നിർബന്ധമായിരുന്നു. ഇന്നും സന്ധ്യയ്ക്ക് വിളക്കുവച്ചാൽ ദൈവദശകവും സന്ധ്യാനാമവും ജപിക്കുന്നത് മുടക്കാറില്ല.ചെറുപ്പത്തിലെ ശീലത്തിന്റെ തുടർച്ചയാണ്. എല്ലാവർക്കും എല്ലാ നന്മകളും വരട്ടെ എന്നത് മാത്രമാണ് എഴുപതാം പിറന്നാൾ ദിനത്തിലും പ്രാർത്ഥിക്കാനുള്ളത് - പ്രീതി നടേശൻ പറഞ്ഞു.