ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ഇന്ന് മുതൽ എല്ലാ വാർഡുകളിലും ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുമെന്ന് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു. കുടിവെള്ള വിഷയത്തിൽ വാട്ടർ അതോറിട്ടിയുമായി നഗരസഭ നടത്തിയ അടിയന്തര യോഗത്തിലാണ് തീരുമാനം. അതാത് വാർഡിലെ കൗൺസിലർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് രണ്ട് വലിയ ടാങ്കറുകളിലും 2 ചെറിയ ടാങ്കറുകളിലുമാണ് കുടിവെള്ള വിതരണം നടത്തുക. ഇന്ന് വൈകിട്ട് തകിഴിയിലെ പൈപ്പ് പൊട്ടൽ പണി പൂർത്തീകരിച്ച് നാളെ മുതൽ പമ്പിംഗ് പുനരാരംഭിക്കുമെന്ന് വാട്ടർ അതോറിട്ടി എക്സിക്യൂട്ട് എൻജിനീയർ സുനിൽ കുമാറും യുഡിമാസ്റ്റ് പ്രോജക്ട് ഒാഫീസർ ഷീജയും യോഗത്തിൽ അറിയിച്ചു. കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 21 കിയോസ്ക് പമ്പുകൾ സ്ഥാപിക്കാൻ നടപടിയായി. ഒരു കിയോസ്ക് പമ്പിന് 12 ലക്ഷം രൂപയാണ് ചെലവാകും. ഒരു സെന്റ് ഭൂമിയാണ് പമ്പ് സ്ഥാപിക്കാൻ വേണ്ടത്. അഞ്ച് സ്ഥലങ്ങളിൽ മാത്രമേ ഭൂമി ലഭ്യമായിട്ടുള്ളൂ. തുടർ സ്ഥലങ്ങളിൽ സ്ഥലം ലഭ്യമാകുന്ന രീതിയിൽ നിർമ്മാണം ആരംഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു.