അമ്പലപ്പുഴ: ആൾത്താമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒന്നും രണ്ടും പ്രതികളെ രണ്ട് വർഷം തടവിനും പിഴയടക്കാനും മൂന്നാം പ്രതിയെ നല്ലനടപ്പിനും ശിക്ഷിച്ച് കോടതി ഉത്തരവ്.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിനു വടക്ക് ഭാഗത്ത് അമ്പലപ്പുഴ വടക്കേ നട മംഗലപ്പിള്ളി ശ്രീകുമാറിന്റെ വീട്ടിൽ കഴിഞ്ഞ വർഷം മോഷണം നടത്തിയ കേസിലെ ഒന്നാം പ്രതി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം കാക്കാഴം പൊക്കത്തിൽ വീട്ടിൽ പൊടിമോൻ (23) രണ്ടാം പ്രതി കാക്കാഴം പുതുവൽ അരുൺ (20) മൂന്നാം പ്രതി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് കാക്കാഴം പുതുവൽ അജിത്ത് (33) എന്നിവരെയാണ് അമ്പലപ്പുഴ ഒന്നാം ക്ലാസ്സ് ജുഡിഷ്യൽ മജിസ്ട്രേട്ട് ശിക്ഷിച്ചത്. പൊടിമോൻ,അജിത്ത് എന്നിവരെ രണ്ട് വർഷം വീതം തടവിനും 10,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. 6 മാസം ജയിലിൽ കിടന്നതിനാൽ ശേഷിക്കുന്ന ഒന്നര വർഷം ശിക്ഷ അനുഭവിച്ചാൽ മതി.രണ്ടാം പ്രതി അരുണിനെ കോടതി രണ്ട് വർഷത്തേയ്ക്ക് നല്ലനടപ്പിന് ശിക്ഷിച്ചു.ഈ കാലയളവിൽ രണ്ടാം പ്രതി കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുകയോ ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുത്. 141 ഗ്രാം സ്വർണ്ണം, ഒരു ലക്ഷം രുപ, വലിയ എൽ ഇ ഡി ടി.വി, നാല് മൊബൈൽ ഫോണുകൾ എന്നിവയാണ് പ്രതികൾ മോഷ്ടിച്ചത്.