മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ അശ്വതി മഹോത്സവത്തിന് ഇത്തവണ കെട്ടുകാഴ്ചകളുണ്ടാവില്ല. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിർദ്ദേശ പ്രകാരമാണ് ആഘോഷങ്ങൾ വേണ്ടെന്ന് വയ്ക്കാൻ ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷൻ തീരുമാനിച്ചത്.
ക്ഷേത്രത്തിൽ 22 വരെ നടക്കുന്ന പതിമൂന്ന് കരകളുടെ എതിരേൽപ്പ് ഉൽസവം ആചാരങ്ങളിൽ ഒതുക്കി ലളിതമായി നടത്തും. അശ്വതി മഹോത്സവത്തിന്റെ ഭാഗമായി അമ്മയുടെ യാത്രയയപ്പ് ആചാരപരമായി നടത്തുവാനും 29ന് നടത്തേണ്ട കാർത്തിക ദർശനം വേണ്ടെന്ന് വയ്ക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് എം.കെ രാജീവ്, സെക്രട്ടറി ആർ.രാജേഷ് കുമാർ എന്നിവർ അറിയിച്ചു. 31 വരെ അന്നദാന വഴിപാടും ഉണ്ടായിരിക്കില്ല.