ആലപ്പുഴ: വയലാറിൽ ജൈവ കാർഷിക മേഖലയിൽ പുതിയ പ്രതീക്ഷ ഉയരുകയാണ്. കർഷകർക്കായി നിരവധി സഹായങ്ങളും പദ്ധതികളുമാണ് കൃഷി ഭവൻ ഒരുക്കുന്നത്.
കൃഷി ഭവന്റെ കീഴിൽ പ്രധാനമായും തെങ്ങ്,പച്ചക്കറി, ഇടവിള കൃഷികളാണ് നടക്കുന്നത്. നെല്ല്, വാഴ, പഴവർഗങ്ങൾ, കിഴങ്ങ് വർഗങ്ങൾ എന്നീ വിവിധ ഇനം കൃഷികളും നടന്നു വരുന്നു. ജീവനി, നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയിലൂടെ 7ഹെക്ടറോളം സ്ഥലത്തായി വിവിധതരം പച്ചക്കറി കൃഷികൾ ചെയ്തുവരുന്നു. ഇവയ്ക്ക് പുറമേ വീടുകളുടെ മട്ടുപ്പാവിലും പുരയിടത്തിലുമായി നിരവധിപേർ പച്ചക്കറി കൃഷിചെയ്യുന്നുണ്ട്. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്കാവശ്യമായ വളങ്ങൾ, നല്ലയിനം വിത്തുകൾ, പച്ചക്കറി ഫലവർഗ തൈകൾ, സ്‌പ്രേയറുകൾ, നിലമൊരുക്കുന്നതിനാവശ്യമായ കുമ്മായം, ജലസേചനത്തിനായി മോട്ടോറുകൾ തുടങ്ങിയ പലവിധസേവനങ്ങൾ കർഷകർക്കായി നൽകുന്നു.
കേരഗ്രാമം പദ്ധതി:
50 ലക്ഷം ചെലവഴിച്ചു
പച്ചക്കറി കൃഷിക്കൊപ്പം ഏറെ പ്രാധാന്യത്തോടെ തെങ്ങ് കൃഷിയും പഞ്ചായത്തിൽ നടന്നുവരുന്നുണ്ട്. തെങ്ങ്കൃഷിക്കായി കഴിഞ്ഞ വർഷം കേരഗ്രാമം പദ്ധതിയിലൂടെ 50ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തിൽ നടത്തിയത്. തെങ്ങിനുള്ള വളം, മരുന്നുകൾ, കമ്പോസ്റ്റ് കിറ്റുകൾ, തെങ്ങുകയറ്റ യന്ത്രങ്ങൾ തുടങ്ങിയ നിരവധി സഹായങ്ങൾ കേരകർഷകർക്ക് കൃഷിഭവൻ മുഖാന്തരം ലഭിച്ചു. 300ഹെക്ടറോളം സ്ഥലത്ത് പഞ്ചായത്തിൽ തെങ്ങ്കൃഷിയുണ്ട്. ഈ വർഷം കേരകർഷകർക്കായി 20ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. പഞ്ചായത്തിലെ രണ്ടായിരത്തോളം കർഷകർക്കാണ് പദ്ധതിവഴി സഹായം ലഭിക്കുന്നത്.
.......
7
ജീവനി, നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയിലൂടെ 7ഹെക്ടറോളം സ്ഥലത്ത് വിവിധ പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു.
........
20
ഈ വർഷം കേരകർഷകർക്കായി 20ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്
2000
പഞ്ചായത്തിലെ രണ്ടായിരത്തോളം കേരകർഷകർക്കാണ് പദ്ധതികൾ വഴി സഹായം ലഭിക്കുന്നത്.
....
# സദാസമയം സജ്ജം
പഞ്ചായത്തിന്റെ സ്വന്തം കാർഷിക കർമ്മസേനയും സദാസമയവും സജ്ജമാണ്. 50തോളം അംഗങ്ങൾ ഉള്ള വയലാർ കാർഷിക കർമ്മസേന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കൃഷിക്കാവശ്യമായ സഹായങ്ങൾ മുടക്കം കൂടാതെ എത്തിക്കുന്നു. കേരഗ്രാമം പദ്ധതി നടപ്പാക്കിയപ്പോൾ കേരകർഷകരുടെ കൃഷിയിടങ്ങളിലെത്തി തെങ്ങിന് തടമൊരുക്കി നൽകിയത് കാർഷിക കർമ്മസേനയുടെ നേതൃത്വത്തിലാണ്. കൃഷിഭവനും കർഷകർക്കും പിന്തുണയുമായി വയലാർ ഗ്രാമപഞ്ചായത്തും ഒപ്പമുണ്ട്.
......
'' കർഷകർക്കാവശ്യമായ ട്രാക്ടർ, ട്രില്ലർ,കട്ടർ തുടങ്ങിയ യന്ത്രങ്ങൾ കുറഞ്ഞ നിരക്കിൽ എത്തിച്ച് കൊടുക്കാനും ഗ്രോബാഗ് നിർമാണം,വളം നിർമാണം, നിലമൊരുക്കൽ തുടങ്ങിയ ജോലികൾ കൃത്യമായി ചെയ്യാനും കാർഷിക കർമ്മസേന മുന്നിലുണ്ട്.
(പി. ജെ കൃഷ്ണപ്രിയ,വയലാർ കൃഷി ഓഫീസർ)
.....
''വർഷാവർഷം 50 ലക്ഷത്തോളം രൂപയുടെ സഹായം പച്ചക്കറി വികസന പദ്ധതിക്കും, കാർഷിക പ്രവർത്തനങ്ങൾക്കുമായി പഞ്ചായത്ത് നൽകിവരുന്നുണ്ട്.
(എസ്.വി ബാബു ,വയലാർ പഞ്ചായത്ത് പ്രസിഡന്റ് )