ആലപ്പുഴ: എടത്വാ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ തോട്ടത്തിൽ മണക്കാട് തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. പഞ്ചായത്തിന്റേയും പ്രദേശവാസികളുടേയും സഹകരണത്തോടെയാണ് തോടിന്റെ ശുചീകരണം നടത്തിയത്. സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹര്യത്തിൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് തോടിന്റെ അവസാന ഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ആദ്യ ഘട്ടത്തിൽ തോടിന്റെ ചാലുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിയാക്കി. തോട്ടിൽ വെള്ളമെത്തിയതോടെ സമീപത്തെ കോടമ്പനാടി പാടശേഖരത്തിന്റെ നാലോളം ചാലുകളിലും സമീപത്തെ കുളത്തിലും തോടുകളിലും വെള്ളം എത്താൻ തുടങ്ങിയിട്ടുണ്ട്.
പഞ്ചായത്തംഗം ബെറ്റി ജോസഫ് നേതൃത്വം നൽകി. ഒന്നരലക്ഷത്തോളം രൂപ മുടക്കിയാണ് ശുചീകരണമെന്ന് ബെറ്റി ജോസഫ് പറഞ്ഞു. മണക്കാട് തോട് ഏറെ നാളായി എക്കലും പോളയും അടിഞ്ഞു നീരൊഴുക്ക് തടസപ്പെട്ടു കിടക്കുകയായിരുന്നു.