അമ്പലപ്പുഴ : സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കുവേണ്ടി സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും സ്വീകരിക്കുന്ന കരുതൽ നടപടികളോട് പൂർണമായി സഹകരിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖലാ ജമാഅത്ത് അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മസ്ജിദുകൾ കേന്ദ്രീകരിച്ചു നടത്തുവാൻ തീരുമാനിച്ചിട്ടുള്ള സമ്മേളനങ്ങൾ, പ്രതിഷേധ സംഗമങ്ങൾ എന്നിവ തത്കാലം ഒഴിവാക്കണം. വൃദ്ധർ, കൊച്ചുകുട്ടികൾ, പനി, ചുമ തുടങ്ങിയ അസുഖമുള്ളവർ എന്നിവർ ആരാധനാ കർമ്മങ്ങൾ വീടുകളിൽ നിർവഹിക്കണം. പള്ളികളുമായി ബന്ധപ്പെട്ട് അംഗശുദ്ധിവരുത്തുന്നതിന് ഉപയോഗിക്കുന്ന കുളങ്ങൾ, വെള്ളം സംഭരിച്ചുവെച്ചിട്ടുള്ള ഹൗളുകൾ എന്നിവയിൽ നിന്ന് തൽക്കാലം ജലം ഉപയോഗിക്കരുത്.ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും അടിയന്തിരമായി വിളിച്ചുചേർക്കുന്ന എല്ലാ യോഗങ്ങളിലും ഓരോ മഹല്ല് ഭാരവാഹികളും നിർബന്ധമായും പങ്കെടുക്കണമെന്നും ഭാരവാഹികളായ സി. എ. സലിം ചക്കിട്ടപറമ്പിൽ, സലിം എം മാക്കിയിൽ എന്നിവർ അഭിപ്രായപ്പെട്ടു.