ആലപ്പുഴ:കെോറോണ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് ജില്ലയിൽ 286 പേർ വീടുകളിലും 19 പേർ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മുൻകരുതലുകളുടെ ഭാഗമായി ഇന്ന് പുതുതായി 109 പേരെക്കൂടി നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇന്ന് 6 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 97 സാമ്പിളുകളിൽ പരിശോധനാഫലം ലഭ്യമായ 86 സാമ്പിളുകളും നെഗറ്റീവ് ആണ്. 5 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
അവലോകനയോഗം ഇന്ന്
അടിയന്തര അവലോകനയോഗം മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10. 30ന് കളക്ടറേറ്റ് പ്ലാനിംഗ് ഹാളിൽ നടക്കും. ജില്ലയിലെ എം.എൽ.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുംപങ്കെടുക്കും.
പള്ളികളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു
കൊറോണ പ്രതിരോധ നടപടികൾ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശാനുസരണം ജാഗ്രതയോടെ നടക്കുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ ഭദ്രാസനത്തിനു കീഴിലുള്ള പള്ളികളിൽ നിശ്ചയിച്ച തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കളക്ടർ എം.അഞ്ജന ഉത്തരവിട്ടു. 15,22 തീയതികളിലായി 54 പള്ളികളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശ്യമെന്നും ഒരോ പള്ളിയിലും കുറഞ്ഞത് 250പേർ വീതമെങ്കിലും അതിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും ചെങ്ങന്നൂർ ആർ.ഡി.ഒ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ് .