ഹരിപ്പാട്: ഏത് നേരവും തകർന്നു വീഴാവുന്ന ഷീറ്റുമേഞ്ഞ ഷെഡിൽ ജീവൻ പണയം വച്ച് കഴിയുകയാണ് ആറാട്ടുപുഴ കള്ളിക്കാട് പുത്തൻപറമ്പിൽ അമ്മുക്കുട്ടി (57) യും രോഗിയായ ഭർത്താവ് ശശി(60)യും. എന്നാൽ ഈ
വൃദ്ധമ്പതികളെ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിന് പരിഗണിച്ചിട്ടില്ല.
മുപ്പത് വർഷത്തോളം പഴക്കമുണ്ടായിരുന്ന വീട് 2018ൽ കാറ്റിലും മഴയിലും നിലം പതിച്ചതോടെയാണ് അതിന് സമീപം ഒറ്റമുറി ഷെഡ് വച്ച് അതിലേക്ക് താമസം മാറിയത്. വീടിന്റെ അപകടാവസ്ഥ കാണിച്ച് നിരവധി അപേക്ഷകൾ അധികൃതർക്ക് നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താനായി അപേക്ഷ നൽകിയെങ്കിലും അനുവദിച്ചു കിട്ടിയില്ല. ഇപ്പോൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് ഇവർ. ശശി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ശശിക്ക് മൂന്ന് വർഷമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. അമ്മുക്കുട്ടി തൊഴിലുറപ്പിന് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.