ആലപ്പുഴ: പൂച്ചാക്കൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥിനികളുടെയും ചികിത്സാ ചെലവ് സർക്കാർ വഹിക്കും.എ.എം.ആരിഫ് എം.പിയുടെ ഇടപെടലിൽ പ്രത്യേക കേസായി പരിഗണിച്ചാണ് വിദ്യാർത്ഥിനികളായ ചന്ദന, അനഘ, അർച്ചന, സാഗി ബാബു എന്നിവരുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഉത്തരവ് ഇറക്കിയത്. അപകടത്തെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനികൾ ചികിത്സ തേടിയിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് പണം കെട്ടേണ്ട സാഹചര്യമുണ്ടായി. തുടർന്ന് ആരിഫ് ഇടപെട്ട് പണം അടയ്ക്കാതെയാണ് ഇവരുടെ ശസ്ത്രക്രിയ നടത്തിയത്.