 സൂപ്രണ്ടിന്റെ പരാതിയിൽ ദമ്പതികളെ പൊലീസ് തെരയുന്നു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ, കൊറോണ സംശയ നിവാരണത്തിന് എത്തിയ ബ്രിട്ടീഷ് ദമ്പതികൾ ഐസൊലേഷൻ വാർഡിൽ നിന്ന് മുങ്ങി. ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് ഇവരെ തെരയുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 2 ഓടെയായിരുന്നു സംഭവം. 30 വയസിന് താഴെയുള്ള ദമ്പതികൾ അത്യാഹിത വിഭാഗത്തിലാണ് ആദ്യം എത്തിയത്. അവിടെ ഉണ്ടായിരുന്ന കരാർ ജീവനക്കാരനോട് വൈറോളജി ലാബ് എവിടെയാണെന്ന് ചോദിച്ചറിഞ്ഞു. പിന്നീട് കവാടത്തിനടുത്തുള്ള കോവണിപ്പടിക്ക് സമീപം ഇഗ്ലീഷിൽ എഴുതി ഒട്ടിച്ചിരിക്കുന്ന വൈറോളജി ലാബ് എന്ന ബോർഡ് കണ്ട് മൂന്നാം നിലയിലുള്ള ലാബിൽ എത്തുകയായിരുന്നു. ഇവർ കടന്നുപോയ രണ്ടാം നിലയിൽ ഈ സമയം മെഡിസിൻ ഒ.പി, ഇ.എൻ.ടി ഒ.പി, പേ വിഷ ബാധ ക്ലിനിക്ക് എന്നിവയുടെ പ്രവർത്തന സമയമായിരുന്നു. വിവരം അറിഞ്ഞ് സുരക്ഷ ഓഫീസർ വിജയ കുമാർ, എയ്ഡ് പോസ്റ്റ് എസ്.ഐ ഷുക്കൂർ, എ.എസ്.ഐ ഉദയൻ, സീനിയർ പൊലീസ് ഓഫീസർ രതീഷ്, സിവിൽ പൊലീസ് ഓഫീസർ വിനിൽ എന്നിവർ മൂന്നാം നിലയിലെത്തി ദമ്പതികളെ കണ്ടെത്തി ആംബുലൻസിൽ കയറ്റി 250 മീറ്റർ അകലെയുള്ള കോവിഡ് 19 ഒ.പി യിൽ എത്തിച്ചു.തുടർന്ന് ഇവരെ നിരീക്ഷണത്തിനായി ഐസൊലേഷൻ

വാർഡിലേക്ക് മാറ്റി. പക്ഷേ, പൊലീസുകാർ മടങ്ങിയ തക്കം നോക്കി ദമ്പതികൾ അവിടെ നിന്ന് കടക്കുകയായിരുന്നു.

മെഡി. ആശുപത്രിയിൽ കൊറോണ ഒ.പി വാർഡ് സജ്ജമാക്കിയിട്ടുണ്ടെങ്കിലും രോഗ സംശയമുള്ളവരെ ഇവിടേക്ക് എത്തിക്കാൻ സുരക്ഷാ ജീവനക്കാരെയോ മറ്റ് ആരോഗ്യ പ്രവർത്തകരെയോ നിയോഗിച്ചിട്ടില്ല. 7 പേരായിരുന്നു ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ നാലു പേരുടെ ഫലം നെഗറ്റീവ് ആയതിനാൽ ഇവരെ ഡിസ്ചാർജ് ചെയ്തു.