ആലപ്പുഴ : ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ കെട്ടിടനിർമ്മാണത്തിൽ പങ്കാളിയാകാനും അതുവഴി കൂടുതൽ തുക ലഭിക്കാനും അവസരം.നഗരങ്ങളിലെ ലൈഫ് പദ്ധതി പ്രകാരം വീടുകൾ നിർമ്മിക്കുമ്പോൾ തൊഴിൽ കാർഡ് ലഭ്യമായ കുടുംബങ്ങളിലെ ഒരു സ്ത്രീ അംഗത്തിനാണ് ഭവന നിർമ്മാണത്തിൽ പങ്കാളിയാകാവുന്നത്. ഇതുവഴി 90തൊഴിൽ ദിനങ്ങൾ ഉറപ്പ് നൽകുന്നു.

പി.എം.എ.വൈ ലൈഫ് പദ്ധതിയിലെ വീട് നിർമ്മാണത്തിന്റെ ഭാഗമായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെ സംയോജിപ്പിക്കുന്ന പ്രവർത്തനം കുടുംബശ്രീയാണ് വിജയകരമായി നടപ്പാക്കുന്നത്. തിരഞ്ഞെടിക്ീപ്പെടുന്നയാൾക്ക് കൂലിയിനത്തിൽ പ്രതിദിനം 271 രൂപ വീതം ലഭ്യമാകും. 90 ദിവസങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നത് വഴി ഒരു ഗുണഭോക്താവിന് 24390 രൂപ ലഭ്യമാകും. ലൈഫ് പദ്ധതി പ്രകാരം ഭവന നിർമാണത്തിനായി ലഭിക്കുന്ന നാല് ലക്ഷം രൂപയ്ക്ക് പുറമേയാണിത്. നഗര പ്രദേശങ്ങളിൽ സ്ഥിര താമസക്കാരും കായികാദ്ധ്വാനത്തിന് തയ്യാറുമുള്ള പ്രായപൂർത്തിയായ അംഗങ്ങൾക്കാണ് തൊഴിൽ ലഭ്യമാക്കുക. 2018 ജൂലയിലാണ് പി.എം.എ.വൈ ലൈഫ് പദ്ധതിയിലെ വീട് നിർമ്മാണത്തിന്റെ ഭാഗമായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെ സംയോജിപ്പിക്കുകയെന്ന പ്രവർത്തനം കുടുംബശ്രീ ആരംഭിച്ചത്.

ലൈഫിലെ തൊഴിലുറപ്പ്

 തൊഴിൽ ദിനങ്ങൾ: 90

 പ്രതിദിനം കൂലി: 271

 തൊഴിൽ കാർഡുകൾ: 4579

 കൂടുതൽ തൊഴിൽ കാർഡ്: ആലപ്പുഴ നഗരസഭ

 പദ്ധതിയുടെ മെച്ചം

വീട് പണി നടക്കുന്നത് സമയത്ത് വേറെ തൊഴിലിന് പോകാതെ സ്വന്തം ഗൃഹനിർമ്മാണത്തിൽ ശമ്പളത്തോടെ പങ്കാളികളാകാം

 തൊഴിൽ കാർഡുകൾ

പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെ ജില്ലയിൽ 4,579 തൊഴിൽകാർഡുകൾ ലഭ്യമാക്കി. 81844 തൊഴിൽ ദിനങ്ങളാണ് ഇതുവഴി നൽകുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ ലൈഫ് മിഷൻ വീട് നിർമ്മാണത്തിന് അനുമതി ലഭ്യമാകുമ്പോൾ വീട് നിർമ്മാണത്തിൽ പങ്കാളികളാകാൻ അപേക്ഷ അതാത് നഗരസഭയിൽ നൽകണം. സ്ത്രീ തൊഴിലാളികൾക്ക് വീട് പണിയിൽ മേസ്തരിയായോ ഹൽപ്പറായോ ജോലി ചെയ്യാം.

........

'' ജില്ലയിൽ ആലപ്പുഴ നഗരസഭയിലാണ് ഏറ്റവും കൂടുതൽ തൊഴിൽ കാർഡുള്ളത്. ഇതുവരെ ജില്ലയിൽ 17238852 രൂപ ഭവന നിർമ്മാണത്തിനു അധിക ധനസഹായമായി ലഭ്യമാക്കാൻ സാധിച്ചു

(കെ.ശാന്തിലാൽ,കുടുംബശ്രീ പദ്ധതി ഇൻ ചാർജ്)