പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാൻ വേണം 10 കോടി
ആലപ്പുഴ : നാടെങ്ങും കൊറോണ ഭീതിയിലമരുമ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ്. ഇവിടെ പരിശോധന നടത്തിയാണ് കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്നത്. പരിശോധനകൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും പൂർണനിലയിലേക്ക് ഇപ്പോഴും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം എത്തിയിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിനായി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും ഇതിൽ മുഴുവൻ സൗകര്യങ്ങളും ഏർപ്പെടുത്തുന്നത് വൈകുന്നതാണ് കാരണം. ഇതിനായി 10 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും തുക ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകുകയാണ്. അസൗകര്യങ്ങൾക്ക് നടുവിലാണ് ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം.
മെഡിക്കൽ കോളേജ് ആശുപത്രിയുടെ ബി ബ്‌ളോക്കിലെ രണ്ടാം നിലയിൽ ഇടുങ്ങിയ മുറിയിലാണ് ഇപ്പോൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലാബ് പ്രവർത്തിക്കുന്നത്.
പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിലുള്ള പരിശോധനാകേന്ദ്രത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 20.11 കോടി ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. മെഡിക്കൽ കോളേജിന്റെ അധീനതയിലുള്ള അഞ്ചേക്കർ സ്ഥലത്ത് 2016 ജൂൺ 15ൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കോട്ടയം ഡിവിഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. 2017 സെപ്തംബറിൽ പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി 2020ലും പൂർത്തിയായിട്ടില്ല.
വിവിധ തരം വൈറൽ പനികൾ പൊട്ടിപ്പുറപ്പെടുന്ന ജില്ലകൂടിയാണ് ആലപ്പുഴ. നിപ്പ, എലിപ്പനി തുടങ്ങിയവയുടെ നിർണയത്തിന് പുതിയ കെട്ടിടത്തിൽ ലെവൽ മൂന്ന്, നാല് വൈറസ് ഡിറ്റക്ഷൻ സംവിധാനം സജ്ജീകരിക്കേണ്ടതുണ്ട്. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാണ് ആലപ്പുഴയിലെ കേന്ദ്രം. പ്രവർത്തനം പൂർണ തോതിലാകുമ്പോൾ തെക്കൻ സംസ്ഥാനങ്ങളിലെ പ്രധാന രോഗനിർണയ ലാബായി ഇത് മാറും.
2016
കെട്ടിടനിർമ്മാണം തുടങ്ങിയത് 2016ൽ
20.11 കോടി
കെട്ടിട സമുച്ചയത്തിന് കേന്ദ്രസർക്കാർ അനുവദിച്ചത്
ടെണ്ടർ പൂർത്തിയായി
ലാബിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ടെണ്ടർ നടപടി പൂർത്തിയായി.
150 സാമ്പിളുകൾ
ഇപ്പോഴത്തെ ലാബിൽ കൊറോണ നിർണയത്തിന് കേന്ദ്രം അനുമതി നൽകിയതോടെ പ്രതിദിനം 150ൽ അധികം രക്തസാമ്പിളുകളാണ് പരിശോധിക്കുന്നത്. എഴുമണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും. രോഗികളുടെ രക്തമോ ആന്തരിക സ്രവങ്ങളോ പൂനെ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അയച്ച് പരിശോമിക്കുന്നത് ഇതോടെ ഒഴിവായി.
ചരിത്രം
1996ൽ കുട്ടനാട്ടിൽ ജപ്പാൻജ്വരം പടർന്നപ്പോഴാണ് ആലപ്പുഴയിൽ സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. പൂനെ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നിലവാരത്തിലേക്ക് ഉയർത്തുകയായിരുന്നു ലക്ഷ്യം. 2012ൽ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാക്കാനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. കേന്ദ്ര ഗ്രാന്റായി 34.25 കോടി രൂപയുടെ അനുമതിയും നൽകി.
ഇപ്പോഴത്തെ പരിമിതികൾ
താത്കാലിക കെട്ടിടത്തിലെ പ്രവർത്തനത്തിന് 3.10 കോടി മുടക്കി അത്യാധുനിക വിദേശ നിർമ്മിത ഉപകരണങ്ങൾ വാങ്ങിയെങ്കിലും സ്ഥല പരിമിതി മൂലം പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. ജീവനക്കാർക്ക് ഇരിക്കാൻ പോലുമുള്ള സൗകര്യം ഇവിടെ കുറവാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പത്തുവർഷം മുമ്പ് അനുവദിച്ച 800 ചതുരശ്ര മീറ്ററിൽ ഭാഗത്താണ് ലാബ് പ്രവർത്തിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്ജമാക്കുന്നത്
ലബോറട്ടറികൾ
ഗസ്റ്റ് ഹൗസ്, ഹോസ്റ്റലുകൾ
പരീക്ഷണത്തിനുള്ള അനിമൽ ഹൗസ്