 16 മുതൽ ഗൃഹസന്ദർശനം

ആലപ്പുഴ: ജില്ലയിൽ വാർഡ് അടിസ്ഥാനത്തിൽ 10വീതം ടീമുകൾ രൂപവത്കരിച്ച് കൊറോണ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചതായി മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഓരോ വാർഡിലും പഞ്ചായത്ത് മെമ്പറുടെയോ നഗരസഭ കൗൺസിലറുടെയോ നേതൃത്വത്തിലായിരിക്കും സംഘം പ്രവർത്തിക്കുക. വീടുകൾ സന്ദർശിച്ച് പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള ബോധവത്കരണ ലഘുലേഖകൾ നൽകും. 16 മുതലാണ് ഗൃഹസന്ദർശനം.

സോഷ്യൽ മീഡിയ നല്ലരീതിയിൽ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. തെറ്റായ വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ടൂറിസ്റ്റുകൾ ലക്കും ലഗാനുമില്ലാതെ ഏത് റിസോർട്ടിലും വന്ന് താമസിക്കാൻ അനുവദിക്കില്ല. യു.എൻ.പോലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാം നിയന്ത്രണത്തിന് വിധേയമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങൾ ഉണ്ട് എന്ന് തോന്നുന്ന പക്ഷം പഞ്ചായത്തുകൾക്ക് റിസോർട്ടുകൾക്കെതിരെ നടപടി എടുക്കാം. റിസോർട്ടിലേക്ക് എത്തുന്നവരെ കൃത്യമായി സ്‌ക്രീൻ ചെയ്യുന്നതിന് ജില്ലാതലത്തിൽ സംവിധാനംഒരുക്കും. തെരുവ് പട്ടികളെ ആവശ്യമെങ്കിൽ ക്വാറന്റൈൻ ചെയ്യുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. കളക്ടർ ഇക്കാര്യത്തിൽ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാതല കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എ.എം.ആരിഫ്, എം.എൽ.എ മാരായ സജി ചെറിയാൻ, ആർ.രാജേഷ്, യു.പ്രതിഭ, ഷാനിമോൾ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ജി.വേണുഗോപാൽ, കളക്ടർ എം.അഞ്ജന, ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ്, ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജില്ല മെഡിക്കൽ ഓഫീസർ ഡോ.അനുവർഗ്ഗീസ്, പഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക് ഭാരവാഹികൾ, നഗരസഭാദ്ധ്യക്ഷന്മാർ, ജില്ല തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


വിദേശികൾ 'ഓടിപ്പോയത്"

കളക്ടർ അന്വേഷിക്കും

ജില്ലയിൽ രണ്ടു വിദേശികൾ ചികിത്സതേടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതിനു ശേഷം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.

 പ്രത്യേക സൗകര്യങ്ങൾ

ഓർഫനേജുകളിൽ താമസിക്കുന്നവർക്കും വൃദ്ധ സദനങ്ങളിലുള്ളവർക്കും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. ആവശ്യമായവർക്ക് സർക്കാർ ഭക്ഷണം നൽകും. വൃദ്ധ സദനങ്ങളിൽ പുറത്തു നിന്ന് വരുന്നവർക്ക് നിയന്ത്രണം ഉണ്ടാകും. ഐസൊലേഷനിൽ ഇരിക്കുന്നവർക്കും ഒബ്‌സർവേഷനിൽ ഉള്ളവർക്കും ഭക്ഷണത്തിന് പോരായ്മയുണ്ടെന്ന് ബോധ്യപ്പെട്ടാൽ സർക്കാർ ഭക്ഷണം എത്തിക്കും. കായംകുളത്ത് സർക്കസ് ടീമിന് ഭക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

 ഐസൊലേഷൻ റൂമുകൾ

സർക്കാർ ആശുപത്രികളിൽ 148 ഐസൊലേഷൻ റൂമുകൾ സജ്ജമാണ്. സ്വകാര്യ ആശുപത്രികളിൽ 123 റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 22 റൂമുകൾ തയ്യാറാണ്. ആവശ്യമെങ്കിൽ 40 എണ്ണം കൂടി തയ്യാറാക്കാനാകും. രണ്ട് ഐ.സി.യുകളും ഇതിനായി ഉപയോഗിക്കും.

ഓരോ ആശുപത്രിയിലെയും

ഐസൊലേഷൻ റൂമുകൾ

ആലപ്പുഴ ജനറൽ ആശുപത്രി..... 11

തുറവൂർ താലൂക്ക് ആശപത്രി.... 10

കായംകുളം താലൂക്ക്ആശുപത്രി....10

ചേർത്തല താലൂക്ക് ആശുപത്രി...10

ഹരിപ്പാട് താലൂക്ക് ആശുപത്രി... 27
മാവേലിക്കര ജില്ല ആശുപത്രി... 16