പരീക്ഷാ സമയത്ത് വൈദ്യുതി മുടക്കം പതിവ്
ആലപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്കിടെ വൈദ്യുതി മുടക്കം പതിവായതോടെ വിദ്യാർത്ഥികൾ വലയുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് പോസ്റ്റ് മാറ്റിയിടൽ നടക്കുന്നതിനാലാണ് പകൽ നേരം വൈദ്യുതി വിച്ഛേദിക്കേണ്ടി വരുന്നതെന്നാണ് അധികൃതരുടെ പക്ഷം.
വിയർത്തു കുളിച്ച് പരീക്ഷ എഴുതേണ്ട ഗതികേടിലാണ് കുട്ടികൾ.
സ്കൂളുകളിൽ ജനറേറ്റർ സംവിധാനം ഇല്ലാത്തതിനാൽ വൈദ്യുതിമുടക്കത്തെ മറികടക്കാൻ സ്കൂൾ അധികൃതർക്ക് കഴിയുന്നുമില്ല. മാർച്ച് 31നുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നതിനാൽ മാറ്റിവയ്ക്കാനും കഴിയില്ല. പരീക്ഷയെ മുൻകൂട്ടി കണ്ട് അതിരാവിലെ തന്നെ പല സ്ഥലങ്ങളിലും പണി ആരംഭിച്ച് സമയക്രമീകരണം നടത്തുന്നുണ്ട്. എന്നാൽ അടിക്കടി വൈദ്യുതി മുടങ്ങുന്നത് വ്യാപാര, വ്യവസായ മേഖലയെ വലിയ തോതിൽ ബാധിക്കുന്നുണ്ട്.
സർക്കാർ ഓഫീസുകൾ, ചെറുകിട കച്ചവടക്കാർ, തടിമില്ലുകൾ, ഫർണീച്ചർ കമ്പനികൾ, തയ്യൽക്കടകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം വൈദ്യുതി മുടക്കത്തിൽ നട്ടംതിരിയുകയാണ്. ബേക്കറികൾക്കും കോൾഡ് സ്റ്റോറേജുകൾക്കും ഭക്ഷണശാലകൾക്കും വൻ നഷ്ടമാണുണ്ടാകുന്നത്. ഫ്രീസറുകൾ പ്രവർത്തിക്കാത്തതിനാൽ ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. പലവട്ടം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുന്നതു മൂലം ശീതീകരണ ഉപകരണങ്ങളും മറ്റും തകരാറിലാകുന്നുണ്ടെന്നു വ്യാപാരികൾ പറയുന്നു.
............
ബോർഡിന് നഷ്ടം
നഗരത്തിൽ പതിവായി വൈദ്യുതി മുടങ്ങുന്നതു മൂലം വൈദ്യുതി ബോർഡിന് കനത്ത നഷ്ടമാണ് ഉണ്ടാവുന്നത്. ചൂടുകാലത്ത് കടകളിൽ വൈദ്യുതി ഉപയോഗം കൂടുതലാണ്. വീടുകളിലും സ്ഥിതി ഇതുതന്നെ. വേനൽക്കാലത്ത് വൈദ്യുതി ബിൽ ഇരട്ടിയാവും എല്ലായിടത്തും. ഇൗ ഇനത്തിൽ വരേണ്ട നല്ല വരുമാനമാണ് ബോർഡിന് നഷ്ടമാകുന്നത്.
.......................................
ഉപയോഗം കൂടുന്നു
വേനൽ മഴ പോലും മാറി നിൽക്കുകയാണ്. ചൂടു കൂടുന്തോറും വൈദ്യുതിയുടെ ഉപയോഗവും കൂടുന്നു. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 65 ശതമാനം ഇതര സംസ്ഥാനങ്ങളിലെ താപ വൈദ്യുത നിലയങ്ങളിൽ നിന്നാണ്. ഊർജ കാര്യക്ഷമത കൂടിയ ഉപകരണങ്ങൾ തിരഞ്ഞെടുക്കണം. സന്ധ്യാ സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ശ്രമിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ മുന്നറിയിപ്പ്.
........................
റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് നഗരത്തിൽ വൈദ്യുതി മുടങ്ങുന്നത്. ഇരുവശമുള്ള വൈദ്യുതി പോസ്റ്റുകൾ മാറ്റി പുനസ്ഥാപിക്കണം.പരീക്ഷക്കാലമായതിനാൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയാം. കഴിവതും ആ സമയം ക്രമീകരിക്കുന്നുണ്ട്
(വൈദ്യുതി ബോർഡ് അധികൃതർ)
..........................................
റോഡുകൾക്ക് വീതി കൂട്ടുന്നതിന്റെ ഭാഗമായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടിവരും. നവീകരണത്തിന് കുറഞ്ഞത് ആറു മാസമെങ്കിലും വേണം
(പൊതുമരാമത്ത് റോഡ് വിഭാഗം )