photo
ആലപ്പുഴയിൽ രണ്ട്കിലോ കഞ്ചാവുമായി പിടയിലായ യുവാക്കൾ

 കഞ്ചാവ് എത്തിച്ചിരുന്നത് കടൽ മാർഗം

ആലപ്പുഴ: കെ.എസ്.ഇ.ബി ലൈൻമാൻ ഉൾപ്പടെ അഞ്ചുയുവാക്കൾ കഞ്ചാവുമായി ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായി. പുന്നപ്ര കറുകപ്പറമ്പ് ജീമോൻ (28), പുന്നപ്ര കൊല്ലാപറമ്പ് ഓമറൾ ഫിലിപ്പി രാഗേഷ് (34), കറുകപ്പറമ്പിൽ ജോൺസൺ(27), തിരുവാമ്പാടി ഇ.എസ്.ഐ വാർഡ് കൈതവളപ്പിൽ രാജ്ലാൽ(38), ആലപ്പുഴ ബീച്ച് വാർഡിൽ പുളിമൂട്ടിൽ ഉണ്ണി(36) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും രണ്ടുകിലോഗ്രാാം കഞ്ചാവ് പിടിച്ചെടുത്തു. രാജ്ലാൽ, ഉണ്ണി എന്നിവരെ ഇ.എസ്.ഐ ജംഗ്ഷനിൽ നിന്നും മറ്റുള്ളവരെ ഹോമിയോ ആശുപത്രി ജംഗ്ഷനിൽ നിന്നുമാണ് പിടികൂടിയത്.
രാജ്ലാൽ നാലുവർഷമായി മലപ്പുറം വെണ്ണിയൂരിൽ കെ.എസ്.ഇ.ബി ലൈൻമാനായി ജോലി ചെയ്തുവരികയായിരുന്നു. മലബാർ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയിലെ ആലപ്പുഴയിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. കടൽമാർഗം ഫൈബർ ബോട്ടുകളിലാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നത്. കഞ്ചാവ് മാഫിയയ്ക്കെതിരെ സൗത്ത് പൊലീസ് ആരംഭിച്ച വാട്ട്സ് ആപ്പ് കൂട്ടായ്മയിലേക്ക് ലഭിച്ച അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ഒരാഴ്ചയായി ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇവർ കഞ്ചാവ് കൈമാറ്റത്തിനായി എത്തിയപ്പോൾ പൊലീസ് പിന്തുടർന്നു. പൊലീസ് സാന്നിദ്ധ്യം മനസിലാക്കി ടാക്സിയിലും ഇരുചക്രവാഹനങ്ങളിലുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മൂന്നു ഡ്യൂക്ക് ബൈക്കുകളിലും കാറുകളിലുമായി പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി ജയരാജ്, സൗത്ത് സി.ഐ എം.കെ.രാജേഷ്, പ്രിൻസിപ്പൽ എസ്.ഐ കെ.ജി.രതീഷ്, പ്രൊബേഷണറി എസ്.ഐ എൻ.ജെ.സുനേഖ്, എ.എസ്.ഐ മോഹൻകുമാർ, സി.പി.ഒമാരായ ദിനുലാൽ, അരുൺകുമാർ, സിദ്ദിഖ്, പ്രവീഷ്, ബിനു, റോബിൻസൺ, അബീഷ് ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. മൂന്നുമാസത്തിനിടെ ഓപ്പറേഷൻ ഡാർക്ക് ഡെവിളിലൂടെ 28 കേസുകളിലായി 41 പേരെ സൗത്ത് പൊലീസ് പിടികൂടിയിട്ടുണ്ട്.