 തുറവൂർ -- തൈക്കാട്ടുശേരി റോഡ് അപകടക്കെണി

തുറവൂർ: നിർദിഷ്ട തുറവൂർ-പമ്പ പാതയിലെ വീതിയില്ലാത്ത തുറവൂർ -- തൈക്കാട്ടുശേരി റോഡ് അപകടക്കെണിയായി മാറുമ്പോഴും വീതി കൂട്ടാനുള്ള നടപടികൾ കടലാസിൽ ഉറങ്ങുന്നു. സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതി കൂട്ടി ഇരുവശത്തും നടപ്പാതകൾ നിർമ്മിക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

കൈയേറ്റം മൂലം നിലവിലെ റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും റോഡിലേക്ക് കയറി സ്ഥാപിച്ചിട്ടുള്ള വൈദ്യുതി പോസ്റ്റുകളുമാണ് അപകടം വിളിച്ചുവരുത്തുന്നത്. ദേശീയപാതയിലെ തുറവൂരിൽ നിന്നാരംഭിക്കുന്ന റോഡിൽ തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡ് വരെയാണ് വീതിക്കുറവ് പ്രശ്നമാകുന്നത്. തിരക്കേറിയ രാവിലെയും വൈകിട്ടും റോഡിൽ കാൽനട പോലും അസാദ്ധ്യമാണ്. , നടപ്പാതയില്ലാത്തതിനാൽ റോഡിലേക്ക് കയറി നടക്കുന്ന യാത്രക്കാർ ഭാഗ്യംകൊണ്ട് മാത്രമാണ് അമിത വേഗത്തിൽ പായുന്ന വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്. കൊടുംവളവും നടപ്പാതയില്ലാത്തതുമായ റോഡിൽ നിരവധി പേർ ഇതിനകം അപകടത്തിൽപ്പെട്ടു. വൈദ്യുതി പോസ്റ്റിലിടിച്ചു ബൈക്ക് യാത്രികനായ ഒരു യുവാവ് മരിച്ചു.

വഴിവിളക്കുകൾ പേരിന്

വെളിച്ചക്കുറവുള്ള റോഡിൽ രാത്രിയാത്ര ദുരിതപൂർണമാണ്. വഴിവിളക്കുകൾ പേരിനു മാത്രമേയുള്ളൂ. റോഡരികിലെ അനധികൃത വാഹന പാർക്കിംഗുേ നടപ്പാത കയ്യേറിയുള്ള വഴിവാണിഭവും കാൽനടയാത്രികരെ ദുരിതത്തിലാക്കുന്നു. 8 മീറ്റർ വീതിയുണ്ടായിരുന്ന റോഡ് ഇപ്പോൾ പലേടത്തും നാലും അഞ്ചും മീറ്ററായി ചുരുങ്ങി.

ഭൂമി ഏറ്റെടുത്ത് റോഡിന്റെ വീതി പത്ത് മീറ്ററാക്കി ഉയർത്താൻ പൊതുമരാമത്ത് വകുപ്പധികൃതർ ഒരു വർഷം മുൻപ് തീരുമാനിച്ചതാണ്. ഇതിനായി കയ്യേറ്റം ഒഴിപ്പിക്കുകയും ആവശ്യമായ സ്ഥലം സർവേയർ മാരുടെ സാന്നിദ്ധ്യത്തിൽ അളന്ന് ഏറ്റെടുക്കുകയും വേണം. എന്നാൽ തുറവൂർ - പമ്പാ പാതയിലെ പ്രധാന പാലങ്ങളിലൊന്നായ മാക്കേക്കടവ്- നേരേകടവ് പാലം നിർമ്മാണം പൂർത്തീകരിച്ചു തുറന്നുകൊടുത്താൽ വീതിയില്ലാത്ത റോഡിൽ വാഹനത്തിരക്കും ഗതാഗത തടസവും ഇരട്ടിയാകും.

'' റോഡിന്റെ വീതി കൂട്ടാനും കാന, നടപ്പാത എന്നിവ നിർമ്മിക്കാനും പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞ വർഷം സർക്കാരിന് നൽകിയെങ്കിലും ഇതുവരെ അനുമതിയും ഫണ്ടും ലഭിച്ചിട്ടില്ല. ഭൂമി ഏറ്റെടുത്താൽ റോഡ് വികസനം സാദ്ധ്യമാകും.ഇതിനായി റവന്യൂ വകുപ്പിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്

- രാജശ്രീ, അസി.എക്സികൂട്ടീവ് എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്