ചേർത്തല : കോറോണ വൈറസ് പടർന്നു പിടിക്കുന്നതിനെതിരെ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എല്ലാ വാർഡുകളിലും പ്രത്യേക യോഗങ്ങൾ ചേർന്ന് 300 ജനകീയ സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ എണ്ണായിരത്തോളം വീടുകളും കടകളും സന്ദർശിച്ച് ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങളും വിവരങ്ങൾ കൈമാറാൻ ഫോൺ നമ്പറുകളും അടങ്ങിയ ലഘുലേഖ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ മുന്നൂറ് സ്‌ക്വാഡുകളിലായി രണ്ടായിരത്തോളം വോളണ്ടിയർമാരാണ് പ്രവർത്തനത്തിൽ പങ്കാളികളായത്. എല്ലാ പൊതുസ്ഥലങ്ങളിലും പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും,മൈക്ക് പ്രചാരണത്തിലൂടെ ബോധവത്കരണം നടത്തുകയും ചെയ്തു. എല്ലാ സ്ഥാപനങ്ങളിലും കൈ കഴുകുന്നതിനുള്ള സൗകര്യവും സജ്ജമാക്കി.അംഗൻവാടി പ്രവർത്തിക്കാത്തതിനാൽ കുട്ടികൾക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ വിടുകളിൽ എത്തിച്ചു.ആഘോഷങ്ങൾക്കും മറ്റും നിയന്ത്റണം ഏർപ്പെടുത്തി . റിസോർട്ടുകളിലും ഹോം സ്റ്റേകളിലും പ്രത്യേക ആരോഗ്യ സംഘം പര്യടനം നടത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊറോണ പ്രതിരോധ സെൽ ആരംഭിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.പ്രിയേഷ് കുമാർ അറിയിച്ചു.